കൊച്ചി∙ തൃശൂർ, കൊച്ചി എന്നിവിടങ്ങളിലെ എ.ടി.എം കവർച്ചാപരമ്പരയിലെ മുഖ്യസൂത്രധാരൻ ഹനീഫ് ഖാൻ അറസ്റ്റിൽ. ഹരിയാനയിലെ മേവത്തിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. കൂട്ടുപ്രതികളായ പപ്പി സിംഗും നസീംഖാനും നേരത്തേ പിടിയിലായിരുന്നു. എറണാകുളം ഇരുമ്പനത്തും തൃശൂരും എ.ടി.എം തകർത്ത് 35 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യസൂത്രധാരനാണ് ഇയാളെന്നു പൊലീസ് പറഞ്ഞു.
കവർച്ചാ സംഘത്തിലെ മുഖ്യപ്രതി രാജസ്ഥാൻ സ്വദേശി പപ്പി സിംഗിനെ (32) ഡൽഹിയിൽ നിന്നാണ് പിടികൂടിയത്. ഡൽഹിയിലെ ബൈക്ക് മോഷണക്കേസിൽ പ്രതിയായി ഇയാൾ തിഹാർ ജയിലിലാണ്. സി.സി. ടിവി ദൃശ്യങ്ങളുമായി രാജസ്ഥാൻ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലെ വിവിധിത എ.ടി.എം കവർച്ചാകേസുകളിലും ഇയാൾ പ്രതിയാണ്.
കഴിഞ്ഞ ഒക്ടോബർ 12ന് പുലർച്ചെയാണ് എ.ടി.എം തകർത്തു പണം കവർന്നത്. എ.ടി.എം കൗണ്ടറിന്റെ ഷട്ടർ അടച്ച ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ചു മെഷീൻ പൊളിക്കുകയായിരുന്നു. കൗണ്ടറിലെ കാമറകൾ പെയിന്റ് ചെയ്തു മറച്ച ശേഷമായിരുന്ന കവർച്ച നടത്തിയത്.