bear

തോൽക്കാൻ മനസില്ലെങ്കിൽ ഏത് ഉയരവും താണ്ടാം, എതു കടലാഴങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാം. ആ കരുത്ത് ഉണ്ടാകാൻ മനുഷ്യനോ മൃഗമോഎന്ന വേർതിരിവില്ല. ഈ വാക്കുകൾക്ക് ജീവനും അർത്ഥവും നൽകുകയാണ് റഷ്യയിൽ നിന്നുള്ള ഈ കുഞ്ഞുകരടിയുടെ കഥ. അമ്മക്കരടിയെ പിന്തുടർന്നെത്തിയ കുഞ്ഞുകരടി നമ്മോടു പങ്കുവയ്ക്കുന്നതും സ്നേഹത്തിന്റെയും പോരാട്ടത്തിന്റെയും ഒരു പുതിയ ചരിത്രമാണ്.

അമ്മക്കരടിയെ പിന്തുടർന്ന് മഞ്ഞുമലയുടെ പകുതിയോളം എത്തിയതായിരുന്നു കുഞ്ഞുകരടി. പക്ഷേ പെട്ടെന്ന് അവന്റെ കുഞ്ഞുകാലുകൾ മഞ്ഞുപാളികളിൽ തട്ടി വഴുതി, കയറിയ ദൂരത്തോളം താഴേയ്ക്ക് പതിച്ചു. ഒന്നല്ല, രണ്ടല്ല, ഒൻപതല്ല ഏറെ തവണ. പലവട്ടം പരാജയപ്പെട്ടിട്ടും ഓരോ തവണയും അവൻ മല കയറാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഓരോ തവണ കയറുമ്പോഴും അവൻ വീണ്ടും വീണ്ടും കാൽ വഴുതി മലയുടെ താഴെയെത്തും. എന്നാൽ ഒരിക്കലും തോറ്റുകൊടുക്കാൻ അവൻ തയ്യാറായിരുന്നില്ല. തന്റെ അമ്മയുടെ അടുത്ത് എത്തണമെന്നതായിരുന്നു മനലു നിറയെ. പിൻമാറാൻ തയ്യാറാവാത്ത അവന്റെ പേരാട്ടത്തിനു മുന്നിൽ ഒടുവിൽ ആ മഞ്ഞുമല കീഴടങ്ങുക തന്നെ ചെയ്തു.

കുഞ്ഞുകരടിയുടെ ഈ മഞ്ഞുമലകയറ്റത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. റഷ്യയിൽ കഴിഞ്ഞ ജൂണിലായിരുന്നു കുഞ്ഞുകരടിയുടെ മലകയറ്റം. എന്നാൽ ദൃശ്യങ്ങൾ ഇപ്പോഴാണ് വൈറലായത്. നമുക്ക് ഒരു ലക്ഷ്യമുണ്ടെങ്കിൽ എന്തൊക്കെ തടസങ്ങളുണ്ടായാലും എത്ര തവണ പരാജയപ്പെട്ടാലും ഈ കരടിക്കുഞ്ഞിന്റെ പോരാട്ടം പോലെ തളരാതെ പോരാടണമെന്ന സന്ദേശത്തോടെയാണ് സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നത്.

അമ്മയുടെ അടുത്തെത്താൻ മഞ്ഞുമല കയറാൻ ശ്രമിക്കുന്ന കരടി പലതവണ നഷ്ടപ്പെട്ട് മലയുടെ മുകളിൽ നിന്ന് താഴേയ്ക്ക് വഴുതി വീഴുന്നുണ്ട്. പക്ഷേ വീഴുന്നതിൽ നിന്ന് കൂടുതൽ കരുത്തോടെ, അതിലേറെ ആവേശത്തോടെ അമ്മയുടെ അടുത്തേയ്ക്ക് എത്താൻ കുഞ്ഞ് കരടി ശ്രമിച്ചുകൊണ്ടിരുന്നു. പത്തുമിനിറ്റോളം നീണ്ട ശ്രമത്തിനൊടുവിൽ കരടിക്കുഞ്ഞ് മഞ്ഞുമലയുടെ മുകളിൽ തന്റെ അമ്മയുടെ അടുത്ത് എത്തുക തന്നെ ചെയ്തു അവൻ അടുത്തെത്തുന്നത് വരെ ക്ഷമയോടെ അമ്മക്കരടി മഞ്ഞുമലയുടെ മുകളിൽ ക്ഷമയോടെ നോക്കി നിൽക്കുന്നത് ആരിലും ആകാംക്ഷ ഉണർത്തും.

ഓരോ തവണ വീഴുമ്പോഴും ഇനി തിരിച്ച് കയറാൻ കഴിയില്ലെന്ന് തോന്നിപ്പിക്കും വിധം താഴ്ചയിലേക്കാണ് കുഞ്ഞു കരടി വീണുകൊണ്ടിരുന്നത്. ഇനി എന്തു ചെയ്യുമെന്ന് നാം വിചാരിക്കുമ്പോഴാണ് കൂടുതൽ ഊർജത്തോടെ അവൻ തിരിച്ചുവരുന്നത് കാണുന്നത്. അവനോടൊപ്പം മലകയറാൻ തോന്നുന്ന വിധം, ഇരുകൈകകളും ചേർത്ത് നമ്മളും അറിയാതെ പ്രാർത്ഥിച്ചു പോകും അവനെ അമ്മക്കരടിയുടെ അടുത്തെത്തിക്കണേ എന്ന്. ഒടുവിൽ അവൻ ലക്ഷ്യം കണ്ടെത്തുമ്പോൾ, അവന്റെ അമ്മയുടെ അടുത്തെത്തുമ്പോൾ അത് കാണുന്നവരുടെ മനസിലും ഒരുപോരാട്ടം വിജയം കണ്ട സന്തോഷവും ആശ്വാസവുമാണ് നിറയ്ക്കുന്നത്.