nithya-menon

മുൻകാല നടി സാവിത്രിയായി മഹാനടിയിൽ ഗംഭീര പ്രകടനം കാഴ്ചവച്ച കീർത്തി സുരേഷിന് പിന്നാലെ നിത്യാമേനോനും സാവിത്രിയായി എത്തുന്നു. നടനും ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രിയുമായിരുന്ന എൻ.ടി.ആറിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ബയോപിക്കിലാണ് നിത്യാമേനോൻ നടി സാവിത്രിയെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിത്യാമേനോൻ ട്വീറ്റ് ചെയ്തു. 1962ൽ റിലീസ് ചെയ്ത ഗുണ്ടമ്മ കഥ എന്ന ചിത്രത്തിന്റെ ഒരുപോസ്റ്റർ ആണ് പുനരാവിഷ്‌കരിച്ചിരിക്കുന്നത്. പോസ്റ്ററിൽ എൻ.ടി.ആറായി ബാലകൃഷ്ണയും സാവിത്രിയായി നിത്യാമേനോനെയും കാണാം. സാവിത്രിഅമ്മയായുള്ള എന്റെ ആദ്യലുക്ക് അഭിമാനത്തോടെ അവതരിപ്പിക്കുന്നു, എന്നാണ് നിത്യ ട്വീറ്റ് ചെയ്തത്.

എൻ.ടി.ആറിന്റെ ജീവചരിത്രം സ്‌ക്രീനിലെത്തിക്കുന്ന ചിത്രം രണ്ടു ഭാഗമായാണ് ഒരുങ്ങുന്നത്. ആദ്യഭാഗത്തിന് കഥാനായകുഡു എന്നും രണ്ടാം ഭാഗത്തിന് മഹാനായകുഡു എന്നുമാണ് പേരുകൾ. ആദ്യഭാഗത്തിൽ എൻ.ടി.ആറിന്റെ സിനിമാ ജീവിതവും രണ്ടാംഭാഗത്തിൽ രാഷ്ട്രീയ ജീവിതവുമാണ് പ്രതിപാദിക്കുന്നത് എന്നാണ് സൂചന. ആദ്യഭാഗം അടുത്തവർഷം ജനുവരി 9 ന് റിലീസിനെത്തും. രണ്ടാം ഭാഗം ജനുവരി 26 നും.

അച്ഛന്റെ വേഷത്തിൽ മകൻ നന്ദമുറി ബാലകൃഷ്ണ അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ബാലകൃഷ്ണ തന്നെയാണ് എൻ.ബി.കെ ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. ബസവതമ്മയായി വിദ്യാബാലനും ചന്ദ്രബാബു നായിഡുവായി റാണ ദഗ്ഗുബതിയും അക്കിനേനി നാഗരാജേശ്വര റാവുവായി സുമുന്തും കൃഷ്ണയായി മഹേഷ് ബാബുവും നാഗി റെഡ്ഢിയായി പ്രകാശ് രാജുവും എത്തുന്നു.

കന്നി ബോളിവുഡ് ചിത്രം മിഷൻ മംഗൾ, വി.കെ. പ്രകാശിന്റെ സംവിധാനത്തിൽ വിവിധ ഭാഷയിൽ പുറത്തിറങ്ങുന്ന പ്രാണ എന്നീ ചിത്രങ്ങളിലും നിത്യ അഭിനയിക്കുന്നുണ്ട്. തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയായും നിത്യ ഉടൻ വെള്ളിത്തിരയിലെത്തും.

Proud to present to you, my first look as Savitri amma ... :) A poster from the iconic song in 'Gundamma Katha'..... 😊
#NTRBiopic pic.twitter.com/vdfLAm5xPy

— Nithya Menen (@MenenNithya) November 5, 2018