pandalam-royal-family

പത്തനംതിട്ട: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ കയറിയ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കർദാസിനെതിരെ രൂക്ഷവിമർശനവുമായി പന്തളം കൊട്ടാരം രംഗത്തെത്തി. ദേവസ്വം ബോർഡ് അംഗം നടത്തിയത് അസാധാരണമായ ആചാര ലംഘനമാണ്. ശങ്കർദാസ് സ്വന്തം ചെലവിൽ ശബരിമലയിൽ പരിഹാര ക്രിയകൾ നടത്തണം. ശങ്കർദാസിന്റേത് ഉൾപ്പെടെ എല്ലാ ആചാര ലംഘനങ്ങളും അപലപനീയമാണ്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് അന്വേഷണം നടത്തണമെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാർ വർമ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രാവിലെ ദർശനത്തിനെത്തിയ സ്ത്രീകളുടെ പ്രായത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി പതിനെട്ടാംപടി വഴി ഇരുമുടിക്കെട്ടില്ലാതെ തിരിച്ചിറങ്ങിയത്. ഇത് ആചാരലംഘനമാണെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കുമെന്നും ദേവസ്വം ബോർഡ് അംഗമായ കെ.പി.ശങ്കർദാസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ശങ്കർദാസ് ആചാരങ്ങൾ ലംഘിച്ച് പതിനെട്ടാംപടി കയറിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇരുവരും നടത്തിയത് ആചാര ലംഘനം തന്നെയാണെന്ന് പിന്നീട് തന്ത്രി പ്രതികരിക്കുകയും ചെയ്‌തിട്ടുണ്ട്.