തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കെ.എസ്.യു വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവിനെതിരെ കെ.പി.സി.സിയിലും പൊലീസിലും പരാതി. പ്രാദേശിക നേതാവ് കെ.ജെ. യദുകൃഷ്‌ണനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയതെന്നാണ് വിവരം. പെൺകുട്ടിയുടെ പരാതിയിൽ യദുകൃഷ്‌ണനെതിരെ പൊലീസ് പോക്സോ നിയമങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്. പരാതിയിൽ കെ.പി.സി.സി നടപടിയെടുക്കാത്തത് പാർട്ടിയിൽ ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്.
തന്നെ പീഡിപ്പിച്ചുവെന്ന് കാട്ടി യുവതി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പെൺകുട്ടി പരാതി നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ പാർട്ടി തയ്യാറായില്ലെന്നാണ് ആരോപണം. തുടർന്നാണ് പെൺകുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.