കേരളത്തിലെ ചില കല്യാണ വീടുകളിൽ ഇന്ന് നടക്കുന്നത് ഒരു തരം കോപ്രായമാണെന്ന് നടൻ മാമുക്കോയ. ആവശ്യമായ ചില തമാശകളൊക്കെ ആവാം. എന്നാൽ കല്യാണം നടത്തുന്ന രണ്ടു വീട്ടുകാരെയും ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഇത്തരം ആഭാസങ്ങൾ എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും മാമുക്കോയ പ്രതികരിച്ചു. കേരളകൗമുദി ആഴ്‌ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ വിമർശം.
'എല്ലാമതത്തെയും ചില തത്പര കക്ഷികൾ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു വളച്ചൊടിക്കാറുണ്ട്. മലബാറിലെ കല്യാണ വീടുകളിൽ കാണിക്കുന്ന കോപ്രായങ്ങളോട് എനിക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ല. ആവശ്യമായ ചില തമാശകളൊക്കെ ആവാം. എന്നാൽ കല്യാണം നടത്തുന്ന രണ്ടു വീട്ടുകാരെയും ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഇത്തരം ആഭാസങ്ങൾ എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. വളരെ കഷ്‌ടപ്പെട്ട് മനോഹരമായി അലങ്കരിച്ചു വയ്‌ക്കുന്ന മണിയറയെല്ലാം അലങ്കോലമാക്കുന്ന ഇത്തരം പ്രവണതകളൊന്നും നന്നല്ല.
ഇതൊക്കെയാണോ കൂട്ടുകാർ ചെയ്യേണ്ടത്. ആദ്യമാദ്യം ചില സ്ഥലങ്ങളിൽ മാത്രം നടന്നിരുന്ന ഇത്തരം പ്രവണതകൾ ഒരാചാരം എന്നോണം ഇപ്പോൾ മലബാർ മേഖലയിലെമ്പാടും നടക്കുന്നുണ്ട്.മലപ്പുറത്തെ മുസ്‌ളിം കല്യാണ വീടുകളിൽ ഫോട്ടോ എടുക്കുന്നതിനും വീഡിയോ പിടിക്കുന്നതിനുമെതിരെ പണ്ട് കുറേ പേർ വലിയ ഇടങ്ങേറുണ്ടാക്കിയിരുന്നു. അന്ന് അതിനെതിരെ ഞാൻ ശക്തമായി പ്രതികരിച്ചിരുന്നു'.
സിനിമയും സംഗീതവും ഹറാമാണെന്ന് ഖുറാനിലെന്നല്ല ഒരു ഇസ്ലാം മതഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല. ഇസ്ലാം മതം വലിയൊരു സംസ്‌കാരമാണ് നമ്മെ പഠിപ്പിക്കുന്നത്. നമ്മളുടെ പ്രവൃത്തിയും വാക്കുകളും മറ്റുള്ളവരെ വേദനിപ്പിക്കുന്നതാവരുത്. അത് തന്നെയായിരിക്കണം ഒരു ഇസ്ലാം തന്റെ സിനിമയിലൂടെയും കലയിലൂടെയും ചെയ്യേണ്ട കർമ്മമെന്നും മാമുക്കോയ വ്യക്തമാക്കി.
അഭിമുഖത്തിന്റെ പൂർണരൂപം നവംബർ ലക്കം ആഴ്‌ചപ്പതിപ്പിൽ.