b-harikumar

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ കാറിനു മുന്നിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിലെ ഡിവൈ.എസ്.പി ബി.ഹരികുമാറിനെ ഒളിവിൽ പാർപ്പിച്ചത് പൊലീസിലെ പ്രബല സംഘടനയുടെ നേതാവാണെന്ന് രഹസ്യാന്വേഷണവിഭാഗം. നാവായിക്കുളം സ്വദേശിയായ ഡിവൈ.എസ്.പിയെ ആലുവയിൽ നിന്ന് നെയ്യാറ്റിൻകരയിലെത്തിച്ച് ക്രമസമാധാന ചുമതല നൽകിയത് ഈ നേതാവിന്റെ താല്പര്യപ്രകാരമാണ്. അദ്ദേഹം അടക്കം പൊലീസ് സംഘടനാ നേതാക്കൾക്ക് പാർട്ടിയുടെ ഉന്നത പരിപാടിക്ക് ഹൈദരാബാദിൽ പോകാനുള്ള മുഴുവൻ ചെലവും വഹിച്ചത് ഡിവൈ.എസ്.പിയായിരുന്നു. രണ്ടുദിവസം മുൻപ് ഡിവൈ.എസ്.പി നഗരത്തിലെത്തി ഈ നേതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ നേതാവിന് നെയ്യാറ്റിൻകരയിൽ ക്വാറി ഇടപാടുണ്ട്. ഒരു ക്വാറി സ്വന്തമായുണ്ടായിരുന്നു. നിരോധനമുണ്ടെങ്കിലും പാറയും മറ്റും കടത്തിവിടാൻ ഒത്താശ ചെയ്തിരുന്നത് ഡിവൈ.എസ്.പിയായിരുന്നു. ഒരു ലോഡിന് 3000മുതലായിരുന്നു പടി. ഡിവൈ.എസ്.പിയുടെ ഓഫീസ് സ്റ്റാഫിലേക്ക് നേതാവ് നിർദ്ദേശിച്ചവരെയാണ് നിയമിച്ചത്. സാമ്പത്തിക ഇടപാടുകൾ നടത്താൻ ഡിവൈ.എസ്.പിക്ക് നിരവധി ഇടനിലക്കാർ ഉണ്ടായിരുന്നെന്നും രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിട്ടുണ്ട്.

എ.ആർ.ക്യാമ്പിൽ ഡ്യൂട്ടി നിശ്ചയിക്കുന്ന ചുമതലയിലിരിക്കെ 2002ൽ നെടുമങ്ങാട് എസ്.ഐയായി നിയമിക്കപ്പെട്ട ഹരികുമാറിനെതിരെ വ്യാപക പരാതിയുണ്ടായി. പണപ്പിരിവ് നടത്തിയെന്ന പരാതിയെത്തുടർന്ന് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി. പിന്നീട് സ്ഥാനക്കയറ്റത്തോടെ ഫോർട്ട് സി.ഐയായപ്പോൾ, അറസ്റ്റ് ചെയ്ത കുപ്രസിദ്ധ വാഹനമോഷ്ടാവിനെ വിട്ടയയ്ക്കാൻ ഭാര്യയിൽ നിന്ന് കാൽലക്ഷം വാങ്ങിയെന്ന ആരോപണത്തിൽ സസ്‌പെൻഷനിലായിരുന്നു. താലിമാല വിറ്റാണ് ഡിവൈ.എസ്.പിക്ക് പണം നൽകിയതെന്ന് പ്രതിയുടെ ഭാര്യ വെളിപ്പെടുത്തിയിരുന്നു. പിന്നീട് തമ്പാനൂർ സി.ഐയായപ്പോഴും ആരോപണങ്ങളുണ്ടായി.

വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിലേക്ക് ഡെപ്യൂട്ടേഷനിലായപ്പോഴാണ് ഏറ്റവും ഗുരുതരമായ ആരോപണം നേരിട്ടത്. മനുഷ്യക്കടത്തിന് ട്രാവൽ ഏജൻസിക്ക് ഒത്താശ ചെയ്തതായും പണം വാങ്ങിയതായും ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) കണ്ടെത്തിയതിനെത്തുടർന്ന് വീണ്ടും സസ്‌പെൻഷനിലായി. ആലുവയിൽ നിയമിതനായപ്പോഴും ആരോപണങ്ങളും പരാതികളുമുണ്ടായി. ഭരണമാറ്റമുണ്ടായ ശേഷമാണ് നെയ്യാറ്റിൻകരയിൽ സുപ്രധാന കസേര കിട്ടിയത്.