tigress

ഭുവനേശ്വർ: ഒഡീഷയിൽ രണ്ട് പേരെ ആക്രമിച്ച 'സുന്ദരി' എന്ന നരഭോജിക്കടുവയെ കണ്ടെത്തി. രണ്ടാഴ്ചയ്ക് മുൻപാണ് സുന്ദരി സത്കോഷിയ ടൈഗർ റിസർവ് ഫോറസ്റ്റിന് സമീപമുള്ള ജനവാസ മേഖലയിലെത്തിയത്. കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രദേശവാസികൾ പരിഭ്രാന്തരായിരിക്കുകയാണ്. ജനവാസ മേഖലയിലേക്കുള്ള കടുവയുടെ നീക്കം അധികൃതരെ ആശങ്കയിലാഴ്‌ത്തിയിരുന്നു. നന്ദൻകൻ സുവോളജി പാർക്കിലെയും സത്കോഷിയ വനമേഖലയിലെ ആറംഗ പ്രത്യേക സംഘത്തെയാണ് കടുവയെ കണ്ടെത്താനായി വിന്യസിച്ചത്. ഏഴ് ദിവസത്തെ കഠിനമായ തിരച്ചിലിനൊടുവിലാണ് സുന്ദരിയെ കണ്ടെത്തുകയും മയക്കുവെടി വച്ച് ശാന്തമാക്കുകയും ചെയ്തു. പിന്നീട് കടുവയെ ഒഡിഷ സത്കോഷിയ ടൈഗർ റിസർവ് ഫോറസ്റ്റിലെത്തിക്കുകയും കൂടുതൽ പരിശോധനകൾക്കായി റായ്ഗുഡയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് 'അവ്നി' എന്ന പെൺകടുവയെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വെടിവെച്ചു കൊന്നത്. ഇത് വൻ പ്രധിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. കഴിഞ്ഞ ദിവസം ലക്‌നൗവിലും മനുഷ്യനെ ആക്രമിച്ചതിനെ തു‌ടർന്ന് ഒരു പെൺകടുവയെ ട്രാക്ടർ കയറ്റി കൊന്നിരുന്നു. സുന്ദരിയുടെ ആക്രമണത്തെ ഭയന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശവാസികൾ വീടിന് പുറത്തേക്കിറങ്ങാൻ പോലും മടിച്ചിരുന്നു.