-nss-office-attacked

തിരുവനന്തപുരം: കൊല്ലത്തും പത്തനംതിട്ടയിലും എൻ.എസ്.എസ് കരയോഗങ്ങൾക്ക് നേരെ ആക്രമണവും കല്ലേറും. പന്തളം കുടശനാട് എൻ.എസ്.എസ് കരയോഗത്തിൽ അക്രമികൾ കരിങ്കൊടി നാട്ടുകയും ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പേരിൽ റീത്ത് വയ്‌ക്കുകയും ചെയ്‌തു. സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ എന്നാണ് ഇതിൽ എഴുതിയിരിക്കുന്നത്.

കൊല്ലം പരവൂർ പൂതക്കുളത്തെ എൻ.എസ്.എസ് കരയോഗം മന്ദിരത്തിന് നേരെയാണ് കല്ലേറുണ്ടായത്. പൂതക്കുളം ഇടയാടി ജംഗ്‌ഷനിലെ കരയോഗ മന്ദിരത്തിന്റെ ജനൽ ചില്ലുകളാണ് ഇന്ന് പുലർച്ചെ രണ്ടോടെ തകർത്തത്. ശബ്‌ദം കേട്ട് മന്ദിരത്തിന് സമീപത്തെ വീട്ടുകാർ ഉണർന്ന് പുറത്ത് വന്നെങ്കിലും അക്രമികൾ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആറോടെയാണ് നാട്ടുകാർ വിവരം അറിയുന്നത്. പരവൂർ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പരവൂർ സി.ഐ എസ്.സാനി പറഞ്ഞു.