arjun-ashok

അച്ഛന്റെ പാതയിൽ തന്നെ ഒടുവിൽ അവൻ എത്തി. എന്നോ മനസ് സ്വപ്നം കണ്ടിരുന്നു സിനിമയെ എന്ന് അവൻ പോലുമറിഞ്ഞിരുന്നില്ല. ചെയ്ത ചിത്രങ്ങളിലെ മികച്ച വേഷങ്ങൾ ശ്രദ്ധ നേടി കൊടുത്തിരിക്കുന്നു ഈ നടനിൽ. ഹരിശ്രീ അശോകന്റെ മകൻ എന്ന മേൽവിലാസത്തിനപ്പുറം അർജുൻ അശോകൻ നല്ല നടനാണെന്ന് പ്രേക്ഷകരും പറയുന്നു.


ഞാൻ നല്ല സന്തോഷത്തിലാണ്. വരത്തൻ, മന്ദാരം ചിത്രങ്ങളിൽ നിന്നായി നല്ല അഭിപ്രായങ്ങൾ കേൾക്കുന്നുണ്ട്. ബി ടെക് റിലീസാകുന്നതിനൊക്കെ മുന്നേ തന്നെ അദ്ദേഹമെന്നെ ആ സിനിമയിലേക്ക് ക്ഷണിച്ചു. അതിന്റെ ത്രിൽ പറഞ്ഞറിയിക്കാനാകില്ല. ചിത്രം കണ്ടവരെല്ലാം നല്ല അഭിപ്രായങ്ങളാണ് പറയുന്നത്. ഒരു അഭിനേതാവെന്ന നിലയിൽ ഫുൾ പൊട്ടൻഷ്യൽ എടുത്താണ് സിനിമ ചെയ്തത്. സിനിമ കണ്ടാൽ മാത്രമല്ലേ നമ്മുടെ അഭിനയം എങ്ങനെയുണ്ടായിരുന്നെന്ന് പറയാൻ പറ്റൂ. മറ്റുള്ളവരൊക്കെ നന്നായിരുന്നുവെന്ന് പറഞ്ഞു കേൾക്കുമ്പോൾ ഒരു സന്തോഷമുണ്ട്. മന്ദാരവും അങ്ങനെ തന്നെയാണ്. ആസിഫിക്കയുമായി അടുത്ത ബന്ധമുണ്ട്.


അർജുൻ പറഞ്ഞു തുടങ്ങി: ''അച്ഛനാണ് എന്റെ റോൾ മോഡൽ. പക്ഷേ, ഒരിക്കലും അദ്ദേഹത്തെ അനുകരിക്കാൻ തയ്യാറല്ല. കഥ കേൾക്കുമ്പോൾ തന്നെ ഞാൻ അച്ഛനോട് സംസാരിക്കാറുണ്ട്. അച്ഛൻ എന്റെ ഇഷ്ടത്തിനാണ് പ്രാധാന്യം നൽകുന്നത്. നിനക്ക് ഇഷ്ടപ്പെട്ടെങ്കിൽ ചെയ്യൂ എന്നാണ് പറയുന്നത്. ആ ധൈര്യമാണ് സിനിമ ചെയ്യാൻ എന്നെയും പ്രേരിപ്പിച്ചത്. പിന്നെ ഒറ്റ കാര്യമേ പറഞ്ഞിട്ടുള്ളൂ, നായകനാകാൻ കാത്തിരിക്കേണ്ട, നല്ല വേഷം വന്നാൽ ചെയ്യണം. അഭിനയത്തിൽ വ്യത്യസ്തത കൊണ്ട് വരണമെന്നാണ് അച്ഛൻ പറയുന്നത്. ആരെയും അനുകരിക്കാൻ ശ്രമിക്കരുത്. അത് തന്നെയാണ് മനസിൽ എപ്പോഴും കൊണ്ടു നടക്കുന്ന അച്ഛന്റെ ഉപദേശവും. അതിനി അച്ഛനെ ആയാൽ പോലും അനുകരിക്കരുതെന്നേ പറയൂ. അച്ഛനെ വിലയുരുത്താനൊന്നും ഞാൻ വളർന്നിട്ടില്ല. ഇനി എത്ര കഴിഞ്ഞാലും അതിന് പറ്റുമെന്ന് തോന്നുന്നുമില്ല. അച്ഛന്റെ പടങ്ങളൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്. എങ്ങനെയാണ് ഇങ്ങനെ ഹ്യൂമർ കൈകാര്യം ചെയ്യുന്നതെന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. കാരണം വീട്ടിലുള്ള അച്ഛൻ ഈ സ്‌ക്രീനിൽ കാണുന്ന ആളേ അല്ല. വീട്ടിൽ കട്ട സീരിയസാണ്. അച്ഛൻ വീട്ടിലുണ്ടെങ്കിൽ സുഹൃത്തുക്കളൊക്കെ വീട്ടിൽ വരും. അവരൊക്കെ വരുന്നത് തന്നെ തമാശകൾ കേൾക്കാനാണ്. വീട്ടിൽ തമാശയൊന്നും ഇല്ലെന്ന് ഞങ്ങൾക്ക് മാത്രമല്ലേ അറിയൂ. അപ്പോഴവരൊക്കെ ചോദിക്കാറുണ്ട്, നിന്റെ അച്ഛൻ വീട്ടിൽ തമാശയൊന്നും പറയില്ല അല്ലേ. ഞങ്ങളു കരുതിയത് കുറേ തമാശകളൊക്കെ കേൾക്കാമെന്നാ.''

arjun

''കാമറയ്ക്ക് മുന്നിലും പിന്നിലും എനിക്ക് അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നൊന്നും ഞാൻ വീട്ടിൽ പറഞ്ഞിട്ടില്ല. അവസരം വന്നപ്പോൾ അവന് ഇഷ്ടമുണ്ടെങ്കിൽ ചെയ്തു നോക്കട്ടെ എന്ന നിലപാടായിരുന്നു അച്ഛന്. സൗബിനിക്കയോടൊപ്പം പറവയിൽ അസിസ്റ്റ് ചെയ്തു. അതൊരു വലിയ അനുഭവമാണ്. പുള്ളിക്കാരൻ മികച്ച ഒരുപാട് സംവിധായകർക്കൊപ്പം വർക്ക് ചെയ്ത ആളാണ്. അതിന്റെ ഗുണം പുള്ളിയുടെ കൂടെ വർക്ക് ചെയ്യുമ്പോൾ നമുക്കും കിട്ടും. എനിക്ക് അഭിനയവും കാമറയും ഒരുപോലെയിഷ്ടമാണ്. രണ്ടും സിനിമ തന്നെയാണല്ലോ. സൗബിനിക്ക ഒരു യൂണിവേഴ്സിറ്റിയാണ്. പറവയിൽ ഷൂട്ടില്ലാത്തപ്പോഴൊക്കെ ഞാൻ കാമറയ്ക്ക് പിന്നിലുണ്ടായിരുന്നു. സൗബിനിക്കയെ എനിക്ക് നേരത്തേ പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ പറവയിലേക്ക് എത്തിയത്.''


ആദ്യ ചിത്രം ഓർക്കുട്ട് ഒരോർമ്മ കൂട്ട് ആയിരുന്നു. അത് ഞാൻ സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് ചെയ്തത്. അന്നേ പാട്ടും ഡാൻസും കൂടെയുണ്ട്. എല്ലാം അവിചാരിതമായി സംഭവിച്ചതാണ്. അന്നൊന്നും സിനിമയുടെ എ ബി സി ഡി അറിയില്ല. ഇപ്പോൾ അറിയാമെന്നല്ല.. എന്നാലും സ്‌കൂളിൽ പഠിക്കുന്ന സമയം അറിയാലോ.. ഇതിനെ പറ്റിയൊന്നും ഒരു ധാരണയുമില്ലാത്ത സമയം. അങ്ങനെ പോയി ചെയ്തു, പിന്നീട് അഭിനയിക്കാനൊന്നും നിന്നില്ല. പഠിത്തം തന്നെയാണ് വലുതെന്ന് വീട്ടുകാർ പറഞ്ഞു. അതൊക്കെ കഴിഞ്ഞ് സിനിമയെ കുറച്ചൂടെ സീരിയസായി കാണാൻ തുടങ്ങിയ സമയത്താണ് 'പറവ' ചെയ്യുന്നത്.


ഇപ്പോൾ അച്ഛന്മാരുടെ പാത പിന്തുടർന്ന് മക്കളെല്ലാവരും സിനിമയിലേക്കെത്തുന്ന കാലമാണ്. പുതിയ തലമുറയിലെ ഒട്ടുമിക്കയാളുകളും അങ്ങനെ വന്നവരാണ്. പലരും ചോദിക്കാറുണ്ട്, ഞങ്ങൾക്കിടയിൽ മത്സരമുണ്ടോയെന്ന്. എനിക്കിതു വരെ അങ്ങനെ തോന്നിയിട്ടില്ല. സത്യത്തിൽ പലരെയും ഞാൻ നേരിട്ടു കാണുന്നതും പരിചയപ്പെടുന്നതും അമ്മ ഷോയിൽ വച്ചാണ്. എനിക്ക് പലരെയും പരിചയമുണ്ടായിരുന്നില്ല. പിന്നെ അവരെയൊക്കെ നേരിട്ട് കാണുന്നതും പരിചയപ്പെടുന്നതും പരിചയപ്പെട്ടപ്പോൾ എല്ലാവരും വളരെ കൂളാണെന്ന് മനസിലായി.