kp-sankar-das

തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ച് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയെന്ന വിവാദത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കർദാസ് രംഗത്ത്. താൻ ആചാര ലംഘനങ്ങൾ ഒന്നുംതന്നെ നടത്തിയിട്ടില്ലെന്നും, ചടങ്ങിൽ പങ്കെടുക്കുക മാത്രമാണ് ചെയ്‌തതെന്നും ശങ്കർദാസ് വ്യക്തമാക്കി. ദേവസ്വം ബോർഡ് ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'ആചാരാനുഷ്‌ഠാനങ്ങളും ചടങ്ങും വേറെയാണ്. തന്ത്രി പറഞ്ഞത് ആചാരങ്ങളെക്കുറിച്ചാണ്. താൻ പങ്കെടുത്തത് ചടങ്ങിലാണ്. അതുകൊണ്ടുതന്നെ അത് ആചാരലംഘനമാകുന്നില്ല. ചടങ്ങിൽ മേൽശാന്തിക്കൊപ്പം പങ്കെടുത്ത മറ്റുള്ളവർക്കും ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ല. അങ്ങനെ വരുമ്പോൾ അവരും ആചാരങ്ങൾ ലംഘിച്ചുവെന്ന് വരില്ലേ -ശങ്കർദാസ് ചോദിച്ചു.

ശബരിമല വിഷയത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയുമായി ചർച്ച നടത്തിയെന്ന ആരോപണത്തിൽ തന്ത്രിയോട് വിശദീകരണം ചോദിച്ചത്, അക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ പ്രതികരണം അറിയാനാണെന്ന് ശങ്കർദാസ് പറഞ്ഞു. അതിൽ തന്ത്രിക്കെതിരെ നടപടിയൊന്നും ഉണ്ടാകില്ലെന്നും പത്രമാദ്ധ്യമങ്ങളിൽ വന്ന വാർത്തകളുടെ വിശദീകരണം ചോദിക്കുക മാത്രമാണ് ചോദിച്ചതെന്നും ബോർഡ് അംഗം വിശദമാക്കി.