തിരുവനന്തപുരം: കൃത്യമായ ആസൂത്രണത്തോടെയാണ് സംഘപരിവാർ ശക്തികൾ ഇന്നലെ ശബരിമലയിൽ തമ്പടിച്ച് കാര്യങ്ങൾ നീക്കിയത്. കണ്ണൂരിലെ ആർ.എസ്.എസ് നേതാവ് പൊലീസ് മൈക്കിൽ നടത്തിയ അനൗൺസ്‌മെന്റിനനുസരിച്ച് അനുയായികൾ നീങ്ങിയത് ഇതിന് തെളിവാണ്. ഇയ്രേറെ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളുമുണ്ടായിട്ടും ഇവരെല്ലാം എങ്ങനെ അവിടെയെത്തി എന്നതാണ് കുഴയ്ക്കുന്ന പ്രശ്നം. സാധാരണ 5000 പേർ എത്തുന്ന സ്ഥാനത്ത് പതിനയ്യായിരം പേരെത്തിയതും അമ്പരപ്പിക്കുന്നതായി. സി.പി.എം ഫ്രാക്ഷൻ മാദ്ധ്യമപ്രവർത്തകർക്കിടയിലുണ്ടെന്ന ആക്ഷേപം ശ്രീധരൻപിള്ള ഉയർത്തിയതും ബോധപൂർവ്വമാണെന്ന സൂചനയുണ്ട്. ശബരിമല വിഷയത്തിൽ മാദ്ധ്യമങ്ങളെ പ്രതിരോധിക്കുകയും സി.പി.എമ്മിനെ ആരോപണത്തോട് പ്രതികരിക്കാൻ നിർബന്ധിതരാക്കുകയുമാണ് തന്ത്രം.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടെ വിവാദപ്രസംഗവും ഇന്നലെ പതിനെട്ടാംപടിയിൽ വരെ അരങ്ങേറിയ സംഘർഷവും സംഘപരിവാറിനെ പരമാവധി തുറന്നുകാട്ടാൻ വഴിയൊരുക്കിയെന്ന് ഇടത് കേന്ദ്രങ്ങൾ വിലയിരുത്തുമ്പോഴും രണ്ടും കല്പിച്ചുള്ള സംഘപരിവാർ നീക്കങ്ങൾ ശബരിമലയിൽ കാര്യങ്ങൾ കൈവിട്ട് പോകുന്ന നിലയിലേക്ക് എത്തിച്ചിരിക്കുകയാണ്.
പൊലീസ് കാഴ്ചക്കാരായി നിൽക്കുന്ന സ്ഥിതിയെ വിമർശിച്ച് യു.ഡി.എഫും കോൺഗ്രസും സർക്കാരിനെതിരായ രാഷ്ട്രീയായുധം മിനുക്കുന്നു. മണ്ഡലകാലത്തിലേക്ക് കടക്കുമ്പോൾ കാര്യങ്ങൾ അതീവ സങ്കീർണ്ണമാവുകയാണ്. ഇന്നലത്തെ സംഭവങ്ങൾ നൽകുന്ന സൂചന ക്രമസമാധാനപാലനത്തെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്രകണ്ട് ശുഭകരമാവില്ലെന്നും കൈവിട്ട് പോകുന്ന അവസ്ഥയിലാകുമെന്നുമാണ്. ഇത് ബി.ജെ.പിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
ശബരിമലയിൽ കലാപം വിതച്ച് രാഷ്ട്രീയ മുതലെടുപ്പിന് സംഘപരിവാർ ശ്രമിക്കുന്നുവെന്ന ആരോപണത്തെ ബലപ്പെടുത്താനും അതുവഴി സംഘപരിവാറിനെ വെട്ടിലാക്കാനും വഴിയൊരുക്കുന്നതായിരുന്നു ശ്രീധരൻപിള്ളയുടെ കഴിഞ്ഞ ദിവസം പുറത്തുവന്ന വിവാദപ്രസംഗം. എന്നാൽ, സംഘപരിവാറിനെ ശക്തമായി കടന്നാക്രമിക്കുന്ന നില പൊതുവേദികളിൽ സ്വീകരിച്ചിട്ടും, തുലാമാസ പൂജാവേളയിലെ സ്ഥിതി ആവർത്തിക്കാതിരിക്കാൻ പഴുതടച്ച സുരക്ഷാക്രമീകരണങ്ങളും കർശനനിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടും ഇന്നലെ സമരക്കാർ സന്നിധാനം കൈയടക്കിയതാണ് കണ്ടത്. പൊലീസ് ബലപ്രയോഗത്തിന് മുതിർന്നാൽ സമരക്കാർ ഇരട്ടി ശക്തിയോടെ ചെറുക്കും. സന്നിധാനത്ത് അങ്ങനെയൊരു കളങ്കമുണ്ടാകാൻ ഇടവരുത്താതെ പൊലീസിന് നോക്കി നിൽക്കേണ്ടി വന്നു.
ഇത് സംഘപരിവാറിന്റെ ഗൂഢാലോചനയെയും കലാപനീക്കത്തെയും വിശ്വാസിസമൂഹത്തിന് മുന്നിൽ പരമാവധി തുറന്നുകാട്ടാനുതകുന്ന തന്ത്രമായി വ്യാഖ്യാനിക്കുന്നുണ്ട് ഇടത് കേന്ദ്രങ്ങൾ. അങ്ങനെയായാലും അത് വിശ്വാസത്തിന് വേണ്ടിയുള്ള സമരമല്ലേയെന്ന ചിന്ത സമരത്തെ പിന്തുണയ്ക്കുന്നവരിലുമുണ്ടാക്കിയാൽ അതുകൊണ്ടെന്ത് ഗുണമുണ്ടാകുമെന്ന മറുചോദ്യവുമുയരുന്നു. സർക്കാർ നിലപാടിനെ പിന്തുണയ്ക്കുന്ന ഇടത്, പുരോഗമനവാദികളിലും പൊലീസിന്റെ ഇന്നലത്തെ ഇടപെടലുകൾ സമ്മിശ്രപ്രതികരണമുണ്ടാക്കി.
ഇരുമുടിക്കെട്ടില്ലാതെ ആർ.എസ്.എസ് നേതാവ് പതിനെട്ടാംപടി കയറിയെന്ന് സ്ഥാപിക്കുക വഴി ആചാരലംഘനത്തിനെതിരെ സമരം ചെയ്യുന്നവർ തന്നെ ആചാരലംഘനം നടത്തിയെന്ന വിമർശനം ദേവസ്വംബോർഡ് ഉയർത്തിക്കഴിഞ്ഞു. അതും 50 കഴിഞ്ഞ സ്ത്രീകളെ പോലും തടഞ്ഞ് ആക്രമിച്ചതുമെല്ലാം വരും ദിവസങ്ങളിൽ ബി.ജെ.പിക്കെതിരായ രാഷ്ട്രീയാക്രമണത്തിന് ഇടത്, വലത് മുന്നണികൾക്ക് ആയുധമാകുന്നവയാണ്.
അപ്പോഴും സാധാരണ സംഘർഷസ്ഥിതി കൈകാര്യം ചെയ്യുമ്പോലെയല്ല ശബരിമലയിലേതെന്ന ബോദ്ധ്യം പൊലീസിനെയും സർക്കാരിനെയും വലയ്ക്കുന്നുമുണ്ട്. പക്ഷേ തന്ത്രങ്ങൾ എത്രയൊക്കെ മെനഞ്ഞാലും സംഘപരിവാർ പറയുന്നിടത്തു നിന്നാണ് കാര്യങ്ങൾ കറങ്ങുന്നത്.