american-election

വാഷിംഗ്ടൻ:അമേരിക്കയിൽ കഴിഞ്ഞദിവസം നടന്ന ഇടക്കാല തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ പുറത്തുവന്നപ്പോൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. ട്രംപിന് വളരെ നിർണായകമായ തിരഞ്ഞെടുപ്പിൽ എട്ട് വർഷത്തിന് ശേഷം ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിച്ചു. എന്നാൽ സെനറ്റിൽ റിപ്പബ്ലിക്കുകൾക്ക് തന്നെയാണ് ഭൂരിപക്ഷം.

സെനറ്റിൽ ഫലം വന്ന മാസച്യുസെറ്റ്സിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി എലിസബത്ത് വാരൻ വിജയിച്ചു. വെർമൗണ്ടിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ബർണി സെൻഡേഴ്സിനാണ് വിജയം. അതേസമയം, ഇന്ത്യാനയിൽ ജനപ്രതിനിധി സഭയിലേക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ സഹോദരൻ റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി ഗ്രെഗ് പെൻസ് വിജയിച്ചു. ഡെമോക്രാറ്റ് സെനറ്റർ കിർസ്റ്റൻ ഗില്ലിബ്രാൻഡ് ന്യൂയോർക്കിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാർട്ടിയുടെ ഭാവിയിലെ പ്രസിഡന്റ് സ്ഥാനാർത്ഥി കൂടിയാണ് ഗില്ലിബ്രാൻഡ്.

ന്യൂജഴ്സിയിലും ജയം ഡെമോക്രാറ്റുകൾക്കാണ്. സെനറ്റർ ബോബ് മെനൻഡസ് മൂന്നാം തവണയും ഇവിടെ തിരഞ്ഞെടുക്കപ്പെട്ടു. പ്രാരംഭഘട്ടത്തിലെ കണക്കുകൾ അനുസരിച്ച് വോട്ടു ചെയ്ത 55 ശതമാനം പേരും ട്രംപിനെതിരെ വോട്ടു രേഖപ്പെടുത്തിയതാണ് സി.എൻ.എൻ എക്സിറ്റ് പോൾ വ്യക്തമാക്കുന്നത്. 44 ശതമാനം ആളുകൾ ട്രംപിനെ പിന്തുണച്ചു. ട്രംപ് പ്രസിഡന്റായതിനുശേഷം നടക്കുന്ന ആദ്യ പ്രധാന തിരഞ്ഞെടുപ്പാണിത്. ട്രംപിന്റെ രണ്ടു വർഷത്തെ ഭരണത്തിന്റെ വിലയിരുത്തലാണിതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വോട്ടിംഗ് ആരംഭിച്ചതു മുതൽ വിവിധ ബൂത്തുകൾക്കു മുന്നിൽ വലിയ തിരക്കാണ് കണ്ടത്. ഉച്ചയോടെ തിരഞ്ഞെടുപ്പിന്റെ മുഴുവൻ ഫലസൂചനകളും അറിയാൻ സാധിക്കുമെന്നാണ് കരുതുന്നത്.