dysp-neyyattinkara

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന കേസിൽ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാർ തമിഴ്നാട്ടിലേക്ക് മുങ്ങിയതായി സൂചന. സംഭവം കഴിഞ്ഞയുടൻ തന്നെ ഇയാൾ തമിഴ്നാട്ടിലെ മധുരയിലേക്ക് രക്ഷപ്പെട്ടതായാണ് വിവരം. ഇയാളെ കണ്ടെത്താൻ അന്വേഷണ സംഘം മധുരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 10 സംഘങ്ങളായി തിരിഞ്ഞ് വിപുലമായ അന്വേഷണമാണ് ഹരികുമാറിന് വേണ്ടി പൊലീസ് നടത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാൽ ഒളിവിൽ പോയ ഹരികുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാത്തത് ഇയാളുടെ ഉന്നത ബന്ധം മൂലമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. പ്രതിയെ പിടിക്കുന്നതിന് പകരം അന്വേഷണവുമായി സഹകരിക്കണമെന്ന നിർദ്ദേശമാണ് പൊലീസ് ഹരികുമാരിന്റെ ബന്ധുക്കൾക്ക് നൽകിയത്. നാടിനെ നടുക്കിയ അരും കൊലയ്ക്ക് ശേഷം ഡിവൈ.എസ്.പി ഒരുദിവസം മുഴുവൻ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ഒരു നേതാവിന്റെ സംരക്ഷണയിലായിരുന്നുവെന്ന കാര്യം സേനയ്ക്കുള്ളിലും പുറത്തും പാട്ടായി. നിസാരമായ വാക്കേറ്റത്തിന്റെ പേരിൽ യുവാവിനെ ക്രൂരമായി വക വരുത്തിയ സംഭവം പൊലീസ് സേനയ്ക്കും സർക്കാരിനും മാനക്കേടായിട്ടും ഡിവൈ.എസ്.പിയെ അറസ്റ്റ് ചെയ്യാനുള്ള യാതൊരു നടപടികളും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

ഇയാളുടെ ഫോണുകൾ സ്വിച്ച് ഓഫാണെന്ന കാരണം പറഞ്ഞ് അറസ്റ്റ് ഒഴിവാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. അഴിമതിക്കും കൃത്യവിലോപങ്ങൾക്കും കുപ്രസിദ്ധനായ ഡിവൈ.എസ്.പിയ്ക്ക് ഭരണ രാഷ്ട്രീയ തലത്തിലുള്ള സ്വാധീനമാണ് ഇതിന് കാരണം. പൊലീസ് അസോസിയേഷൻ നേതാവിന്റെ സംരക്ഷണയിൽ ഒളിവിലിരുന്ന് ചില നിയമ വിദഗ്‌ദരുമായി ഡിവൈ.എസ്.പി മുൻകൂർ ജാമ്യം നേടുന്നതിനെപ്പറ്റി ആലോചിച്ചെങ്കിലും സാദ്ധ്യത വിരളമാണെന്ന മറുപടിയാണ് ലഭിച്ചത്.