നെയ്യാറ്റിൻകര : കാക്കിയുടെ തിളപ്പിൽ ഡിവൈ.എസ്.പി ഹരികുമാർ റോഡിലേക്ക് ചവുട്ടിത്തള്ളിയ സനൽ കാർ കയറി കൊല്ലപ്പെട്ടതോടെ അനാഥരായത് ഭാര്യ വിജിയും മൂന്നര വയസുള്ള മകൻ ആൽബിനും രണ്ടരവയസുള്ള മകൾ അലനുമാണ്. ഇലക്ട്രിക്കൽ, പ്ളംബിംഗ് ജോലികൾ ചെയ്തിരുന്ന സനൽ കുടുംബത്തിന്റെ അത്താണിയായിരുന്നു. സനലിന്റെ പിതാവ് ഗവ. പ്രസിലെ ജോലിക്കാരനായിരുന്ന സോമരാജൻ ജീവനൊടുക്കിയിട്ട് ആറുമാസമേ ആയിട്ടുള്ളൂ. ആ ദു:ഖത്തിൽ നിന്ന് കരകയറും മുൻപാണ് അടുത്ത ദുരന്തം. സോമരാജന്റെ മരണത്തിനു ശേഷം കഠിനാദ്ധ്വാനം ചെയ്ത് സനൽ പുതിയ വീട് നിർമ്മിച്ചു. അടുത്തിടെ ഒരു ആൾട്ടോ കാറും വാങ്ങിയിരുന്നു.