kevin-murder

കോട്ടയം: പ്രണയ വിവാഹത്തെ തുടർന്ന് വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി. ഇത് സംബന്ധിച്ച പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോട്ടയം സെഷൻസ് കോടതി ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചു.

കഴിഞ്ഞ മേയ് 28നാണ് കോട്ടയം സ്വദേശിയായ കെവിനെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുന്നത്. തുടർന്ന് ഷാനു ചാക്കോയെ മുഖ്യപ്രതിയാക്കി പ്രോസിക്യൂഷൻ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കെവിന്റെ ഭാര്യാപിതാവ് ചാക്കോയ്ക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ 12 പേർക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. കെവിനും നീനുവുമായുള്ള പ്രണയത്തെ തുടർന്ന് വൈരാഗ്യം തോന്നിയ പ്രതികൾ കെവിനെ ഓടിച്ച് പുഴയിൽ വീഴ്‌ത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. 186 സാക്ഷി മൊഴികളും 118 രേഖകളും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചു. കേസ് ദുരഭിമാനക്കൊലയുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.