കരടി വാസു പെട്ടെന്ന് എഴുന്നേറ്റു. അനന്തരം ചുറ്റും ഒന്നു നോക്കിക്കൊണ്ട് തിണ്ണയിലെ ലൈറ്റ് അണച്ചു.
ആഗതൻ പെട്ടിയുമായി തിണ്ണയ്ക്ക് അരികിലെത്തി.
''മി. വാസു?''
''ഞാനാ. കേറിവാ...''
വാസു അയാളെ അകത്തേക്കു ക്ഷണിച്ചു. ആഗതൻ പെട്ടിയുമായി വീടിനുള്ളിൽ കയറി.
വാസു വാതിൽ ചാരി.
ആഗതൻ അകത്ത് ഒരു കസേരയിലിരുന്നുകൊണ്ട് പെട്ടി സമീപത്തു വച്ചു.
സ്പാനർ മൂസയായിരുന്നു അത്.
എസ്.പി അരുണാചലത്തിനെതിരെ രാജസേനൻ ക്വട്ടേഷൻ കൊടുത്ത കുപ്രസിദ്ധ ഗുണ്ട!
ഇറുകിയ കറുത്ത ഷർട്ടും ജീൻസുമായിരുന്നു വേഷം.
ഷർട്ടിനുള്ളിൽ അയാളുടെ മുഴച്ചുനിൽക്കുന്ന മസിലുകൾ വാസു കണ്ടു. അയാൾക്കു മുന്നിൽ താൻ തീരെ ചെറുതാണ് എന്നൊരു തോന്നൽ വാസുവിനുണ്ടായി.
സ്പാനർ മൂസ ഒന്നു ചിരിച്ചു.
''നിങ്ങൾ ഊഹിച്ചു കാണുമെന്ന് എനിക്കറിയാം. മുൻ ആഭ്യന്തരമന്ത്രി രാജസേനൻ സാറ് അയച്ചതാണ് എന്നെ. ഈ പെട്ടിക്കുള്ളിൽ....''
പൂർത്തിയാക്കാതെ മൂസ പെട്ടിയിൽ തടവി.
''ഒരു കോടി രൂപ.'' വാസു ആർത്തിയോടെ പറഞ്ഞു.
മൂസ തലയാട്ടി.
''എന്റെ ദൗത്യം ഇവിടെ തീർന്നു.'' മൂസ ഒരു കൊച്ചു താക്കോൽ എടുത്ത് വാസുവിനു നീട്ടി.
''പെട്ടി തുറന്ന് നിങ്ങൾക്ക് രൂപ എണ്ണിനോക്കാം.''
റാഞ്ചും പോലെ വാസു താക്കോൽ വാങ്ങി. പിന്നെ അറിയിച്ചു.
''ഞാൻ പിന്നീട് എണ്ണിക്കോളാം. രാജസേനൻ സാറിനെ എനിക്ക് വിശ്വാസമാ...''
''അപ്പോൾ എന്റെ ദൗത്യം തീർന്നു.''
സ്പാനർ മൂസ എഴുന്നേറ്റു.
വാസുവിന്റെ കൈ പിടിച്ചു കുലുക്കി. അയാളുടെ കൈപ്പത്തിക്കുള്ളിൽ തന്റെ വിരലുകൾ ഉടഞ്ഞുപോകുന്നതു പോലെ വാസുവിനു തോന്നി.
കനത്ത ചുവടുകളോടെ ഒരു കാട്ടുപോത്തിന്റെ ഭാവത്തിൽ സ്പാനർ മൂസ ഇറങ്ങിപ്പോയി. വാതിൽക്കൽ വരെ വാസുവും പിന്നാലെ ചെന്നു.
മൂസ സുമോയിൽ കയറി.
ഇങ്ങോട്ടു വന്ന വേഗത്തിൽത്തന്നെ അത് പിന്നോട്ടു പോയി. അതിന്റെ വെളിച്ചം ഒരു നിമിഷം വാസുവിനെ തൊട്ടുഴിഞ്ഞു.
തിടുക്കത്തിൽ വാസു പിൻതിരിഞ്ഞു. വാതിൽ അടച്ചു കുറ്റിയിട്ടു. പിന്നെ കൈയിൽ മുറുകെ പിടിച്ചിരുന്ന താക്കോലിൽ നോക്കി ചിരിച്ചു.
നിധിപ്പെട്ടിയുടെ താക്കോൽ!
ഒരു കോടി രൂപ..!
അത് എങ്ങനെ ചിലവഴിക്കുമെന്ന് വാസുവിന് ഇനിയും രൂപമുണ്ടായിട്ടില്ല.
മരിക്കും വരെ കുടിച്ചും പെണ്ണുപിടിച്ചും സുഖമായി ജീവിക്കണം.
അതായിരുന്നു വാസുവിന്റെ ആദ്യ തീരുമാനം.
പെട്ടിയെടുത്ത് അയാൾ പഴയ മേശയ്ക്കു മീതെ വച്ചു. ശേഷം താക്കോൽ അതിന്റെ പൂട്ടിലേക്കു കടത്താൻ ശ്രമിച്ചു.
കഴിയുന്നില്ല...
''ഛേ....'
പലവട്ടം വാസു ശ്രമിച്ചുനോക്കി. ആ പെട്ടിയുടെ താക്കോൽ അല്ലെന്നു വ്യക്തം. ഒരുപക്ഷേ ഇത് ഏൽപ്പിച്ച ആളിന്റെ പോക്കറ്റിൽ താക്കോൽ മാറിപ്പോയതാവാം എന്നു കരുതി. അയാളെ ഒന്നു വിളിക്കാം എന്നുവച്ചാൽ പേരോ നമ്പരോ അറിയില്ല.
രാവിലെ രാജസേനൻ സാറിന്റെ അടുത്തുപോയി താക്കോൽ വാങ്ങാവുന്നതേയുള്ളൂ.
എന്നാൽ അത്രയും ക്ഷമിക്കാനുള്ള നേരം ഉണ്ടായിരുന്നില്ല വാസുവിന്.
അയാൾ ചുറ്റും നോക്കി.
മുറിയുടെ മൂലയിൽ പഴയ ഒരു വെട്ടുകത്തി കിടക്കുന്നതു കണ്ടു.
അതെടുത്തു.
''വാസുവിനോടാ കളി...'' എന്നു പിറുപിറുത്തുകൊണ്ട് വെട്ടുകത്തി കൊണ്ട് പെട്ടി പൊളിക്കാൻ തുടങ്ങി.
അല്പസമയത്തിനുള്ളിൽ പെട്ടിയുടെ മൂടി ഇളകി.
ആർത്തിയോടെ പെട്ടിക്കുള്ളിലേക്കു നോക്കിയ വാസുവിന്റെ നെറ്റി ചുളിഞ്ഞു.
അതിനുള്ളിൽ നോട്ടുകളില്ല.
പകരം ഏതാനും കല്ലുകൾ. അവയ്ക്കു നടുവിൽ ഇഷ്ടിക വലിപ്പത്തിൽ ഒരു സാധനം!
അതിൽ ചുവന്ന കുഞ്ഞു ബൾബുകൾ അതിദ്രുതം മിന്നുന്നു.
ബോംബ്!
വാസു അലറിക്കരയാനായി വാ തുറന്നതേയുള്ളൂ.
അടുത്ത നിമിഷം...
അത്യുഗ്രമായ ശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിച്ചു....
ശബ്ദം കേട്ട് അയൽക്കാർ മുറ്റത്തേക്കു ചാടി നോക്കി.
വാസുവിന്റെ വീടു നിന്ന ഭാഗത്ത് ഒരു തീമല!
റോഡിൽ, കുറച്ച് അപ്പുറത്തേക്കു മാറ്റി സുമോ നിർത്തിയിട്ട് കാത്തിരിക്കുകയായിരുന്നു സ്പാനർ മൂസ.
സ്‌ഫോടന ശബ്ദം കേട്ട് അയാൾ തിരിഞ്ഞു നോക്കി.
വാസുവിന്റെ തീ പിടിച്ച വീട് അയാളുടെ കണ്ണുകളിൽ നിന്നെരിഞ്ഞു. നേർത്ത ചിരിയോടെ മൂസ, സുമോ വാൻ മുന്നോട്ടെടുത്തു. (തുടരും)