കടലിന് അഭിമുഖമായ ആഡംബര റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് അയാൾ ആ കാഴ്ച കണ്ടത്. കുറേ കുട്ടികൾ കമ്പിവളയങ്ങൾ ഉരുട്ടിക്കൊണ്ട് കടൽക്കരയിലൂടെ ഓടുന്നു. അയാൾ കുട്ടികളുടെ കളികൾ കൗതുകപൂർവം നോക്കിക്കൊണ്ടിരുന്നു. അവരുടെയെല്ലാം പിന്നിലായി മുടന്തനായ ഒരു കുട്ടി കമ്പിവളയം ഉരുട്ടിക്കൊണ്ടു വരുന്നു. മുടന്ത് കാരണം അവന് ഓടാൻ സാധിക്കുന്നില്ല. മുടന്തനായ കുട്ടി മറ്റ് കുട്ടികൾക്കൊപ്പം കളിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ അവരുടെ പ്രതികരണം ഇതായിരുന്നു : ' നീ ഒറ്റയ്ക്ക് പോയി വീലു തട്ടിക്കോ. ഞങ്ങളുടെ കൂടെ കൂടിയാൽ ഞങ്ങളുടെ കളിയുടെ രസം പോകും. "
അവന്റെ മുഖത്ത് വിഷാദം നിറഞ്ഞു. വിഷമത്തോടെ അവൻ കൂട്ടത്തിൽ നിന്ന് മാറി ഒറ്റയ്ക്ക് നടന്ന് സാവധാനം വളയം ഉരുട്ടിക്കൊണ്ടിരുന്നു. ഈ കാഴ്ചകൾ കണ്ടുകൊണ്ടിരുന്നയാൾ റസ്റ്റോറന്റിൽ നിന്ന് എഴുന്നേറ്റ് നടന്ന് അവന്റെ അടുത്തെത്തിക്കൊണ്ട് ചോദിച്ചു ' മോന് നടക്കാൻ വല്യ പ്രയാസമാണല്ലേ "
അവൻ തലയുയർത്തി, ദൈന്യതയാർന്ന മുഖം, അവൻ പറഞ്ഞു ' നടക്കാൻ വല്യ പ്രയാസമില്ല സാർ, പക്ഷേ എനിക്ക് ഓടാനാവുന്നില്ല, അതുകൊണ്ട് കൂട്ടുകാരെന്നെ കളിക്കാൻ കൂട്ടുന്നില്ല. "
ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവൻ അയാളോട് ചോദിച്ചു:
' സാറെന്തിനാ എന്റെയടുത്ത് വന്ന് ഇങ്ങനെ ചോദിച്ചത് ? "
' ഒരു പക്ഷേ നിന്റെ പാദം നേരെയാക്കി തരാൻ എനിക്ക് സാധിച്ചേക്കും, മോന് അതിനാഗ്രഹമുണ്ടോ? "
' ആഗ്രഹമുണ്ടോന്നോ, എന്റെ ഏറ്റവും വലിയ ആഗ്രഹമാണത്. ഞാനെന്നും പള്ളിയിൽ ചെന്ന് കർത്താവിനോട് പ്രാർത്ഥിക്കാറുണ്ട്. ഓപ്പറേഷന് പൈസ ഉണ്ടെങ്കിൽ നേരെയാക്കിത്തരാന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. പക്ഷേ എന്റെ അച്ഛന്റെ കൈയിൽ കാശില്ല. "
അയാൾ അവന്റെ അഡ്രസ് കുറിച്ചെടുത്തു. ജിമ്മി എന്നായിരുന്നു അവന്റെ പേര്. അവന്റെ മാതാപിതാക്കളെ കണ്ടെത്താനും അവന്റെ സർജറിയുടെ കാര്യം തരപ്പെടുത്തുവാനും തന്റെ ഡ്രൈവറെ ചുമതലപ്പെടുത്തി. ജിമ്മിയുടെ പാദം നേരെയാക്കാൻ അഞ്ച് ഓപ്പറേഷനുകളാണ് വേണ്ടിയിരുന്നത്. അവന്റെ വീട്ടിൽ നിന്നും അകലെയുള്ള ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ഓപ്പറേഷൻ കഴിഞ്ഞ് അവൻ തിരിച്ചെത്തുന്നത് കാണാനും അവനെ സ്വീകരിക്കാനും അയൽവാസികളും കൂടിയിരുന്നു. പാദം നേരെയായപ്പോൾ അവനെ വീട്ടിൽ തിരിച്ചെത്തിച്ചതും അയാളുടെ ഡ്രൈവർ തന്നെയായിരുന്നു.
ജിമ്മി കാറിൽ നിന്നിറങ്ങി മുടന്ത് കൂടാതെ നടന്നു. അവർ ചോദിച്ചു ' ആരാണ് നിന്നെ ഈ വിധത്തിൽ സഹായിച്ച ആ വലിയ മനുഷ്യൻ?
അവൻ പറഞ്ഞു ' ഞാൻ എത്ര ചോദിച്ചിട്ടും അദ്ദേഹം പേരു പറഞ്ഞില്ല, അങ്കിൾ എന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞു'
ഫോർഡ് മോട്ടോർ കമ്പനിയുടെ സ്ഥാപകനും പരോപകാര തൽപരനുമായിരുന്ന ഹെന്റി ഫോർഡ് ആയിരുന്നു ആ ധനാഢ്യൻ. ഈ കഥകേൾക്കുമ്പോൾ അദ്ദേഹത്തിന്റെ ഉദാരമനസിനെ വാനോളം പുകഴ്ത്തിയേക്കാം. അതേസമയം ഫോർഡിനെപ്പോലെ സഹായം ചെയ്യാൻ പണമില്ല എന്ന പരാതി മനസിൽ സൂക്ഷിക്കുകയും വിഷമിക്കുകയും ചെയ്യുന്നവരാകും പലരും. പണമില്ലാത്തതുകൊണ്ടാണോ യഥാർത്ഥത്തിൽ മറ്റുള്ളവരെ സഹായിക്കാത്തത്? അതോ പണത്തേക്കാളേറെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസാണോ ഇല്ലാതെ പോകുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.