sabarimala-protest

ശബരിമല: യുവതീ പ്രവേശനത്തിന് വഴിയൊരുങ്ങിയാൽ സംഘപരിവാർ സംഘടനകൾ പതിനെട്ടാം പടിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പൊലീസ് മുഖവിലയ്ക്കെടുക്കാതിരുന്നതാണ് ഇന്നലെ ശബരിമലയിൽ ആചാരലംഘനത്തിന് ഇടയാക്കിയതെന്ന് സൂചന.

ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി ഉൾപ്പെടെ 25 ഓളം പ്രതിഷേധക്കാർ പതിനെട്ടാംപടിയുടെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. പ്രവർത്തകരെ പ്രകോപിപ്പിച്ചാൽ സ്ഥിതിഗതികൾ കൈവിട്ട് പോകുമെന്ന തിരിച്ചറിവാണ് സംയമനം പാലിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്. ഇരുമുടിക്കെട്ടില്ലാതെയാണ് ഇവർ പതിനെട്ടാംപടിയിൽ കയറിയത്. പ്രതിഷേധക്കാർ പതിനെട്ടാംപടിയിൽ കയറുക മാത്രമല്ല അഞ്ചോളം പടികളിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. സംഭവം വിവാദമായതിനെ തുടർന്ന് ഇന്നലെ നട അടയ്ക്കും മുൻപ് പരിഹാരക്രിയകളും നടത്തി.

ഇത് സംബന്ധിച്ച് നേരത്തെ സ്പെഷ്യൽ ബ്രാഞ്ച് രണ്ട് തവണ റിപ്പോർട്ട് സമർപ്പിച്ചതായാണ് സൂചന. എന്നാൽ, ഉദ്യോഗസ്ഥർ ഇത് മുഖവിലയ്ക്കെടുത്തില്ല. അതാണ് ഇന്നലത്തെ സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. 52 കാരിയായ ലളിതയെന്ന തീർത്ഥാടകയും സംഘവും പതിനെട്ടാംപടി കയറുന്നത് തടയുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം. ഇത് മുന്നിൽ കണ്ട് പതിനെട്ടാംപടിക്ക് ചുറ്റും കനത്ത സുരക്ഷാവലയം ഒരുക്കാൻ പൊലീസിനും കഴിഞ്ഞില്ല. ഒപ്പം പൊലീസ് ഉപയോഗിക്കുന്ന മെഗാഫോൺ പ്രവർത്തകരെ ശാന്തമാക്കാൻ വത്സൻ തില്ലങ്കേരിക്ക് കൊടുക്കേണ്ടി വന്നതും പൊലീസിനുണ്ടായ വീഴ്ചയായാണ് കാണുന്നത്.

വത്സൻ തില്ലങ്കേരിയുടെ നിർദ്ദേശം കേട്ടപ്പോൾ തന്നെ പ്രവർത്തകർ ശരണം മുഴക്കി ഭക്തർക്ക് പോകാൻ വഴിയൊരുക്കി. ഇത് പൊലീസിന് താത്കാലിക ആശ്വാസം പകർന്നെങ്കിലും സന്നിധാനത്ത് ഉണ്ടായിരുന്ന ഐ.ജി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് വരും ദിവസങ്ങളിൽ ഇതിന് സമാധാനം പറയേണ്ടിവരും. ഇത് സംബന്ധിച്ച് ഡി.ജി.പി ഐ.ജി അജിത്ത് കുമാറിനോട് ടെലിഫോണിലൂടെ വിശദീകരണം ചോദിച്ചതായും അറിയുന്നു. തങ്ങളുടെ മുന്നറിയിപ്പ് വകവയ്ക്കാത്തതിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്കും കടുത്ത അതൃപ്തിയുണ്ട്. ക്ഷേത്രനട അടച്ച് പ്രവർത്തകർ മലയിറങ്ങുമ്പോൾ പ്രകോപനമുണ്ടാകുമോയെന്ന ആശങ്കയും പൊലീസിനുണ്ടായിരുന്നു.

അർദ്ധരാത്രിവരെ പമ്പയിലും പരിസരത്തും പൊലീസിന്റെ ശക്തമായ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ദൃശ്യ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ ഇന്നലെ രാവിലെയുണ്ടായ ആക്രമണത്തിന്റെ തുടർച്ച ഉണ്ടാകുമോയെന്ന ഭയത്താൽ സന്നിധാനത്തുള്ള പല ദൃശ്യമാദ്ധ്യമ പ്രവർത്തകരും ഇന്നലെ അവിടെ തങ്ങുകയായിരുന്നു. ഇക്കാര്യത്തിൽ പൊലീസും മാദ്ധ്യമപ്രവർത്തകർക്ക് ജാഗ്രാതാ നിർദ്ദേശം നൽകിയിരുന്നു. ആറോളം മാദ്ധ്യമപ്രവർത്തകർക്ക് നേരെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. ദേശീയ മാദ്ധ്യമപ്രവർത്തകരെ പമ്പയിൽ നിന്ന് നിലയ്ക്കൽ വരെ പൊലീസ് സംരക്ഷണയിലാണ് കടത്തിവിട്ടത്.

വിവാദം, വിശദീകരണം

അതേസമയം, പതിനെട്ടാം പടിയിൽ കയറിയതിനെക്കുറിച്ച് വത്സൻ തില്ലങ്കേരി വിശദീകരിച്ചിട്ടുണ്ട്. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറി ദർശനം നടത്തുമ്പോഴാണ് പുറത്ത് ബഹളം കേട്ടത്. രണ്ടുപടി ഇറങ്ങി എല്ലാവരും പിരിഞ്ഞ് പോകണമെന്ന് പറഞ്ഞു. അതിനിടെ തോളിൽ കിടന്ന ഇരുമുടിക്കെട്ട് താഴെ വീണു.
ഒപ്പമുണ്ടായിരുന്ന രാജേഷ് അതെടുത്തുവെന്നുമാണ് വത്സൻ തില്ലങ്കേരിയുടെ വിശദീകരണം.
വത്സൻ തില്ലങ്കേരി മാത്രമല്ല, ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് വിവാദത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, മേൽശാന്തിയോടൊപ്പം ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ഇറങ്ങുകയും കയറുകയും ചെയ്തത് ആചാരത്തിന്റെ ഭാഗമാണെന്നായിരുന്നു ശങ്കരദാസിന്റെ വിശദീകരണം.