1. നെയ്യാറ്റിൻകര കൊലപാതകത്തിൽ പ്രതി ഡിവൈ.എസ്.പി ഹരികുമാർ മധുരയിലേക്ക് കടന്നെന്ന് സൂചന. വിവരത്തെ തുടർന്ന് അന്വേഷണസംഘം മധുരയിലേക്ക് പുറപ്പെട്ടു. കേസിൽ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തിയിട്ടുണ്ട്. 10 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പെട്ടന്നുള്ള നടപടി, പ്രതിയെ പിടികൂടാത്തതിൽ ആക്ഷേപം ശക്തമായ സാഹചര്യത്തിൽ.
2. പൊലീസിന്റെ ഒത്താശയോടെ ആണ് തിരോധാനം എന്ന് ആരോപണം. നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാരുടെ പ്രഖ്യാപനം. സംഭവം സർക്കാരിന് എതിരെ ആയുധം ആക്കാൻ ഒരുങ്ങി പ്രതിപക്ഷവും. കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തെ സർക്കാർ സഹായിക്കണം എന്ന് ആവശ്യം. പ്രതിപക്ഷ നേതാവിന് പുറമെ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും സനലിന്റെ നെയ്യാറ്റിൻകരയിലെ വീട് സന്ദർശിച്ചിരുന്നു.
3. രാഷ്ട്രീയ പ്രതിരോധം തീർക്കാൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇന്ന് എത്തും. സനലിന്റെ കുടുംബത്തിനുള്ള സർക്കാർ സഹായം ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും. നെയ്യാറ്റിൻകരയിലേത് സർക്കാരിന്റെ സ്‌പോൺസേർഡ് കൊലപാതകം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിവൈ.എസ്.പിയുടെ ഉന്നത രാഷ്ട്രീയ ബന്ധമാണ് അറസ്റ്റ് വൈകാൻ കാരണം. ഇയാളെ എത്രയും വേഗം പിടികൂടണം എന്നും ചെന്നിത്തല.
4. ശബരിമലയിലെ ആചാര ലംഘനത്തിൽ വിശദീകരണവുമായി ദേവസ്വം ബോർഡ് പ്രതിനിധി കെ.പി ശങ്കരദാസ്. ശബരിമലയിൽ താൻ ആചാരം ലംഘിച്ചിട്ടില്ല എന്ന് ശങ്കരദാസ്. ആഴി തെളിയിക്കാൻ പോയപ്പോൾ കൂടെ പോയതാണ്. ചടങ്ങിൽ പങ്കെടുത്തത് ദേവസ്വം പ്രതിനിധിയായി. പതിനെട്ടാംപടി കയറിയത് ചടങ്ങിന്റെ ഭാഗമായിട്ടെന്നും ആചാരവും ചടങ്ങും രണ്ടും രണ്ടാണ് എന്നും ശങ്കരദാസ്. എന്നാൽ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുടേത് ആചാര ലംഘനം എന്നും വിമർശനം.
5. വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയിൽ മണ്ഡലകാലത്തിലേക്കുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വംബോർഡ് യോഗം ചേരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലും തന്ത്രി കണ്ഠരര് രാജീവരരിൽ നിന്ന് വിശദീകരണം തേടിയതും യോഗത്തിൽ ചർച്ചയാവും. തന്ത്രിയിൽ നിന്ന് വിശദീകരണം ലഭിച്ച ശേഷം ആകും തുടർ നടപടികൾ സ്വീകരിക്കുക. ശബരിമലയെ രാഷ്ട്രീയവത്കരിക്കാൻ അനുവദിക്കില്ലെന്ന് പ്രസിഡന്റ് എ. പദ്മകുമാർ. ആചാരപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് ദേവസ്വം ബോർഡ് എന്നും പദ്മകുമാർ.
6. ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന് എതിരെ യൂത്ത് ലീഗ് കോടതിയിലേക്ക്. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ നിയമനം ഉൾപ്പെടെ മന്ത്രി ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണം എന്നാവശ്യം. നൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജറായി പിതൃ സഹോദര പുത്രൻ അദീബിനെ നിയമിച്ചത് ചട്ടലംഘനം നടത്തി എന്നാണ് മന്ത്രിക്ക് എതിരായ ആരോപണം.
7. ഇതിനു പിന്നാലെ ആണ് കുടുംബശ്രീയിൽ അടക്കം മന്ത്രിയുടെ നിർദ്ദേശപ്രകാരം 60ഓളം നിയമനങ്ങൾ നടന്നതായി ആരോപണം ഉയർന്നത്. കൂടാതെ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിലും ചട്ടം ലംഘിച്ച് നിയമനം നടന്നതായി ചൂണ്ടിക്കാട്ടി ഹജ്ജ് കമ്മിറ്റിയിലെ മുൻ അംഗങ്ങളും രംഗത്ത് എത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് വിജിലൻസിനെ സമീപിച്ചു എങ്കിലും അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ല. നിയമ പോരാട്ടത്തിന് ഒരുങ്ങാൻ യൂത്ത് ലീഗ് തയ്യാറെടുക്കുന്നത് ഈ സാഹചര്യത്തിൽ.
8. രണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച എം.ടി വാസുദേവൻ നായരുടെ ഹർജി കോഴിക്കോട് മുൻസിഫ് കോടതി ഇന്ന് പരിഗണി്ക്കും. തിരക്കഥ നൽകി നാലു വർഷം കഴിഞ്ഞിട്ടും സിനിമ നിർമ്മിക്കാൻ നീക്കം ഇല്ലാത്തതിനെ തുടർന്നാണ് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി കോടതിയിൽ ഹർജി നൽകിയത്.
9. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിന്റെ വിലയിരുത്തൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ പുറത്ത്. ആദ്യ മണിക്കൂറുകളിൽ പലേടത്തും ഡെമോക്രാറ്റ് മുന്നേറ്റം. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കും ആണ് വോട്ടെടുപ്പ് നടന്നത്. ഡെമോക്രാറ്റുകൾ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം നേടിയാൽ അത് ട്രംപ് ഭരണത്തിന് തിരിച്ചടി ആകും.
10. ജനപ്രതിനിധി സഭയിൽ ഇപ്പോഴുള്ള നാലുപേർക്ക് പുറമേ 7 ഇന്ത്യൻ വംശജർ കൂടി ഇടക്കാല തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ ആണ്. ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്ന ഇത്തവണത്തെ ഇടക്കാല തിരഞ്ഞെടുപ്പിന് പ്രത്യേകതകൾ ഏറെയാണ്. പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി മുസ്ലീം വനിതകൾ അംഗമാകാനുള്ള സാധ്യതയുംണ്ട്. ഡെമോക്രാറ്റ് ടിക്കറ്റിൽ മത്സരിക്കുന്ന ഇൽഹാൻ ഉമറും റഷീദ താലിബും വിജയ സാധ്യതയുള്ള മണ്ഡലങ്ങളിലാണ്. ഇന്ത്യൻ വംശജരായ എൺപതോളം പേരും ജനവിധി തേടിയിട്ടുണ്ട്.