നീണ്ട നാൾ ഇടവേളയ്ക്കു ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രം എന്ന നിലയിൽ ജാക്ക് ആൻഡ് ജിൽ പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകരുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഹരിപ്പാട് പുരോഗമിക്കുകയാണ്. സന്തോഷ് ശിവൻ തന്റെ സോഷ്യൽ മീഡിയയിലൂടെ അവിടത്തെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. വളരെ സുന്ദരിയായി നിൽക്കുന്ന മഞ്ജുവിന്റെ ചിത്രം ഇതിനകം വൈറലായിക്കഴിഞ്ഞു.
മഞ്ജുവിനെ കൂടാതെ കാളിദാസ് ജയറാം, സൗബിൻ, അജു വർഗീസ്, നെടുമുടി വേണു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. തന്റെ സ്വപ്നം സഫലമായെന്നാണ് ലൊക്കേഷൻ ചിത്രം പങ്കുവച്ചുകൊണ്ട് കാളിദാസ് പറഞ്ഞത്. ദുബായിലുള്ള ലെൻസ്മാൻ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് സന്തോഷ് ശിവൻ ഈ ചിത്രം തയ്യാറാക്കുന്നത്. കേരളത്തിലെ പല ഭാഗങ്ങളെക്കൂടാതെ ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന മുഴുനീള എന്റർടെയിനറായിരിക്കും ചിത്രമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ള വലിയൊരു ടീമാണ് ഇതിനു വേണ്ടി സന്തോഷ് ശിവന്റെയൊപ്പം അണിനിരക്കുന്നത്.