keerthi-suresh

വിജയ് ചിത്രമായ സർക്കാർ റിലീസായതിന്റെ ആഹ്ളാദത്തിമിർപ്പിലാണ് ആരാധകർ. രണ്ടാംവട്ടവും വിജയുടെ നായികയാകാനുള്ള ഭാഗ്യമാണ് സർക്കാരിലൂടെ കീർത്തി സുരേഷിന് ലഭിച്ചത്. ബാലതാരമായി തുടങ്ങി തെന്നിന്ത്യയിലെ മുൻനിരനായികയായി മാറിയ കീർത്തി കൊമേഴ്സ്യൽ ചിത്രങ്ങൾക്കൊപ്പം കലാമൂല്യമുള്ള സിനിമകളിലും തന്റെ അഭിനയപാടവം തെളിയിച്ച താരമാണ്.

തലവര മാറ്റിയ മഹാനടി
മുൻകാല നായിക സാവിത്രിയുടെ ജീവിതം പറഞ്ഞ മഹാനടിയാണ് കീർത്തി സുരേഷ് എന്ന നായികയുടെ തലവര തന്നെ മാറ്റിയത്. അതുവരെ കീർത്തിയുടെ അഭിനയത്തെ ട്രോളിയവർ അന്നുമുതൽ ഈ നായികയുടെ ആരാധികയായി മാറുകയായിരുന്നു. മഹാനടിക്ക് മുൻപ് മഹാനടിക്കു ശേഷം എന്നിങ്ങനെ രണ്ടായി തന്റെ അഭിനയ ജീവിതത്തെ തരംതിരിക്കാമെന്ന് കീർത്തി തന്നെ പറയുന്നു. പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ മഹാനടി ചലച്ചിത്ര മേളകളിലും മികച്ച അഭിപ്രായം ഏറ്റുവാങ്ങുന്നുണ്ട്.

മുൻനിര നായിക
വിജയ്, സൂര്യ, ധനുഷ്, ശിവകാർത്തികേയൻ, വിക്രം തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായി തിളങ്ങുകയാണ് കീർത്തി. ഈ വർഷം താരത്തിന്റേതായി എട്ട് ചിത്രങ്ങൾ റിലീസ് ചെയ്തു. അതിൽ മിക്കവയും ഹിറ്റുകളായിരുന്നു. മഹാനടി സൂപ്പർ ഡ്യൂപ്പർ ഹിറ്റും.

ഫാഷൻ ഡിസൈനർ
അഭിനയത്തോടൊപ്പം കീർത്തി ഇഷ്ടപ്പെടുന്ന വിഷയമാണ് ഫാഷൻ ഡിസൈനിംഗ്. ഇതിനോടുള്ള താത്പര്യം കാരണം ഡൽഹിയിലും ലണ്ടനിലും പോയി കീർത്തി ഫാഷൻ ഡിസൈനിംഗ് കോഴ്സ് പൂർത്തിയാക്കിയിരുന്നു. സ്വന്തമായൊരു ബൊട്ടീക്ക് ലക്ഷ്യമുണ്ടെങ്കിലും തിരക്കു കാരണം ആ സ്വപ്നം മാറ്റിവച്ചിരിക്കുകയാണ്.

അറബിക്കടലിന്റെ സിംഹം
നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം കീർത്തി അഭിനയിക്കുന്ന മലയാള ചിത്രമാണ് മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായാണ് കീർത്തി എത്തുന്നത്. പ്രിയൻ മോഹൻലാൽ കൂട്ടുകെട്ടിലെ ഗീതാഞ്ജലിയിലൂടെയാണ് 2013ൽ നായികയായി കീർത്തി അരങ്ങേറ്റം കുറിച്ചത്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും മഞ്ജുവാര്യരുമൊക്കെയുള്ള ബ്രഹ്മാണ്ഡ ചിത്രമാണിത്.

യോഗയും ക്രിക്കറ്റും നീന്തലും
ശരീര സൗന്ദര്യം നിലനിറുത്തുന്നതിനൊപ്പം ആരോഗ്യ സംരക്ഷണത്തിലും കടുത്ത നിഷ്‌കർഷത പുലർത്തുന്നയാളാണ് കീർത്തി. യോഗയും വ്യായാമങ്ങളും ദിനചര്യയുടെ ഭാഗമാണ്. ക്രിക്കറ്റ് കളിക്കാൻ വളരെ ഇഷ്ടമുള്ള കൂട്ടത്തിലാണ് താരം. നീന്തൽ ചാമ്പ്യനായിരുന്നു കീർത്തി. ശുദ്ധ വെജിറ്റേറിയനാണ്. ഉച്ചയ്ക്ക് ദാലും പച്ചക്കറികളും സലാഡുമാണ് പ്രധാന ഭക്ഷണം.

ഇഷ്ടങ്ങൾ
പർപ്പിളും പിങ്കുമാണ് കീർത്തിയുടെ ഇഷ്ടനിറം. വിജയുടെയും സൂര്യയുടെയും കടുത്ത ആരാധികയാണ് താനെന്ന് താരം തുറന്നു പറഞ്ഞിട്ടുണ്ട്. കീർത്തി വരച്ച് സമ്മാനിച്ച പെയിന്റിംഗ് വിജയ് സ്വന്തം വീട്ടിൽ സൂക്ഷിക്കുന്ന ചിത്രം വളരെ അഭിമാനത്തോടെയാണ് കീർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. യാത്രകൾ എന്നും ഇഷ്ടമാണ്. പോകാൻ ഇഷ്ടമുള്ള നാട് സ്വിറ്റ്സർലന്റ്. ഇന്ത്യയിൽ കാണാൻ ഏറ്റവുമിഷ്ടം താജ്മഹൽ. അമ്മ മേനകയാണ് ജീവിതത്തിലെ ഇൻസ്പിരേഷൻ. ഏറ്റവും അടുത്ത കൂട്ടുകാരി അമ്മൂമ്മയാണ്.

കീർത്തി
നിർമ്മാതാവ് സുരേഷ്‌കുമാറിന്റെയും നടി മേനകയുടെയും മകളായി 1992 ഒക്ടോബർ 3ന് ജനിച്ചു. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയം, ഡൽഹി, ലണ്ടൻ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. സഹോദരി രേവതി സുരേഷ് സഹസംവിധായികയായി പ്രവർത്തിക്കുന്നു. 2002ൽ കുബേരനിൽ ബാലതാരമായി തുടങ്ങി. 2013ൽ നായികയായി അരങ്ങേറ്റം. ഇതുവരെ 22 സിനിമകളിൽ അഭിനയിച്ചു.