
തിരുവനന്തപുരം: ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള അറിവും വിഭവങ്ങളും കേരളത്തിന്റെ പുനർനിർമ്മാണത്തിന് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ, അന്താരാഷ്ട്ര രംഗത്തെ പ്രഗത്ഭരെ നവകേരള നിർമ്മിതിയുടെ ഭാഗമാക്കും. കേരളത്തെ മുൻപുണ്ടായിരുന്ന അവസ്ഥയിലേക്കെത്തിക്കാൻ മാത്രം 26,000 കോടിയുടെ അധിക ധനസമാഹരണം നടത്തേണ്ടതുണ്ട്. സുതാര്യമായ നടപടികളിലൂടെ നവകേരളനിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണം. നേരത്തേയുണ്ടായിരുന്നത് അതേപടി നിർമ്മിക്കുകയല്ല സർക്കാർ ലക്ഷ്യമെന്നും ഇനിയൊരു ദുരന്തത്തിനും തകർക്കാനാവാത്ത റോഡുകളും കെട്ടിടങ്ങളും പാലങ്ങളും നിർമ്മിക്കണമെന്നും കില സംഘടിപ്പിച്ച 'പ്രളയാനന്തര പ്രവർത്തനങ്ങളും നവകേരള സൃഷ്ടിയും' ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
പ്രളയ നഷ്ടത്തിനു പുറമേ ജൈവവൈവിദ്ധ്യത്തിന് വലിയ ആഘാതമുണ്ടായി. ജീവസന്ധാരണ മാർഗ്ങ്ങൾ ഇല്ലാതായവർക്കായി പുതിയ ഉപജീവനസാദ്ധ്യതകൾ കണ്ടെത്തേണ്ടതുണ്ട്. ദുരന്തം നേരിട്ട ഒരുമയോടെ പുനർനിർമ്മാണവും നടത്തണം. ജനങ്ങളുടെ ഒരുമയുണ്ടാക്കാനും എല്ലാവരെയും കൂടെനിറുത്താനും തദ്ദേശസ്ഥാപനങ്ങൾ പരിശ്രമിക്കണം. തകർന്ന വീടുകൾ വാസയോഗ്യമാക്കാൻ 2000 കോടി മതിയാവില്ല. വീടുകൾ പുനർനിർമ്മിക്കാൻ 5659 കോടി വേണം. മാനദണ്ഡങ്ങൾ പ്രകാരം കേന്ദ്രത്തോട് 105 കോടിയേ ആവശ്യപ്പെടാനാവൂ. യു.എ.ഇയുടെ 700 കോടി ധനസഹായം സ്വീകരിച്ചിരുന്നെങ്കിൽ കൂടുതൽ രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് കോടി ലഭിക്കുമായിരുന്നു. യു.എ.ഇ ഭരണാധികാരിയുടെ സമ്മതം വാങ്ങിയിട്ടാണ് യൂസഫലി 700കോടി സഹായത്തിന്റെ വിവരം അറിയിച്ചതെന്നും കേന്ദ്രസർക്കാർ അത് വാങ്ങുന്നത് തടഞ്ഞത് ഇപ്പോഴും ദുരൂഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.ജി.പി.എ പ്രസിഡന്റ് കെ.തുളസിടീച്ചർ അദ്ധ്യക്ഷയായി. മന്ത്രിമാരായ എ.സി.മൊയ്‌തീൻ, ഇ.ചന്ദ്രശേഖരൻ, ആസൂത്രണബോർഡംഗം കെ.എൻ.ഹരിലാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, നവകേരളമിഷൻ കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ഹരിതകേരള മിഷൻ ഉപാദ്ധ്യക്ഷ ടി.എൻ.സീമ എന്നിവർ പ്രസംഗിച്ചു.