കോട്ടയം: അനധികൃത പണമിടപാട് നടത്തിയതിന് അറസ്റ്റിലായ വീട്ടമ്മ ജാമ്യത്തിലിറങ്ങി പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന് വീണ്ടും പൊലീസ് കേസെടുത്തു. കറുകച്ചാൽ ചിറയ്ക്കൽ ചക്കുങ്കൽവീട്ടിൽ ലിസിക്കെതിരേയാണ് കറുകച്ചാൽ പൊലീസ് കേസെടുത്തത്. ഇവരുടെ അയൽവാസി ചിറയ്ക്കൽ അഹോരമനയ്ക്കൽ അമ്പിളി സുരേഷ് നൽകിയ പരാതിയെ തുടർന്നാണ് കേസ്.
അനധികൃത പണമിടപാട് നടത്തുകയും വക്കീൽനോട്ടീസ് അയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് അമ്പിളി കഴിഞ്ഞയാഴ്ച ലിസിക്കെതിരെ കറുകച്ചാൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റ അടിസ്ഥാനത്തിൽ ലിസിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിരവധി മുദ്രപത്രങ്ങളും അനുബന്ധ രേഖകളും കണ്ടെത്തിയിരുന്നു.
അമ്പതിനായിരം രൂപ ആറുമാസത്തേക്ക് വായ്പ നൽകുകയും തുടർന്ന് പണം അടയ്ക്കുന്നതിൽ വീഴ്ച വന്നതോടെ പലിശയും മുതലുമടക്കം നാലുലക്ഷം രൂപയോളം മൂന്നു വർഷം കൊണ്ട് ലിസി വാങ്ങുകയും ചെയ്‌തെന്നായിരുന്നു പരാതി. അറസ്റ്റിലായ ലിസി ജാമ്യത്തിലിറങ്ങുകയും അമ്പിളിയെ റോഡിൽ വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.