കണ്ണൂർ: ഹിസ്റ്റോറിക്കൽ ജഡ്ജിമെന്റ് നടപ്പിലാക്കലാണ് പ്രഖ്യാപിത നിലപാട് എന്ന് പറഞ്ഞ കോൺഗ്രസ് ഇപ്പോൾ നടത്താൻ പോകുന്ന ജാഥയെ കുറിച്ച് ജനങ്ങൾ ചിന്തിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള. സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും കാലിനടിയിലെ മണ്ണ് ഒലിച്ച് പോവുകയാണ്. പാതിവഴിയിൽ സമരം ഉപേക്ഷിച്ച് പോയവരാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം. യഥാർത്ഥത്തിൽ കോൺഗ്രസ് നേതൃത്വം ചതിയന്മാരല്ലേ? അവർ വിശ്വാസികളെ ചതിക്കുകയല്ലേ ചെയ്തതെന്നും ശ്രീധരൻ പിള്ള ചോദിച്ചു.
നാലാംതീയതി പത്തനംതിട്ടയിൽ ഡി.സി.സിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശ്വാസം സംരക്ഷിക്കാൻ സമരം തുടങ്ങിയിരുന്നില്ലേ. തുടർന്ന് സമരത്തിനില്ലെന്ന് പറഞ്ഞ് സമരത്തിൽനിന്ന് പിന്മാറിയവരല്ലേ കെ.പി.സി.സി നേതൃത്വം. അവസാരവാദത്തിന് അവാർഡ് കൊടുക്കേണ്ടത് കോൺഗ്രസിനാണ്. അവരോടൊപ്പം ബി.ജെ.പിയെ ചേർത്ത് വായിച്ച് ഞങ്ങളെ അപമാനിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായാണ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ നയിക്കുന്ന ജാഥ. ഒരു രാഷ്ട്രീയപാർട്ടി ആയാൽ അതിന് അജണ്ട ഉണ്ടാകണം. ഞാൻ നേരത്തെ പറഞ്ഞ മുഴുവൻ കാര്യങ്ങളിലും ഉറച്ച് നിൽക്കുകയാണ്. അജണ്ടയില്ലാത്ത ഒരു പാർട്ടിക്കും നയപരമായി തീരുമാനമെടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് യുവമോർച്ചയുടെ പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ ഉറച്ച് നിൽക്കുന്നത്. പ്രസംഗത്തിന്റെ പേരിൽ എന്റെ പേരിൽ കേസെടുക്കണം, അറസ്റ്റ് ചെയ്യണം എന്നൊക്കെയാണ് കെ.പി.സി.സി ആവശ്യപ്പെടുന്നത്. അണികൾ കൈവിട്ട് പോകുമ്പോൾ ഉണ്ടാകുന്ന വികാര പ്രകടനമാണ് സി.പി.എമ്മും കോൺഗ്രസും ഇപ്പോൾ നടത്തുന്നത്. അതിനുള്ള പ്രതികാരം വീട്ടലാണ് തെറ്റായ പ്രചരണങ്ങളിലൂടെ അഴിച്ച് വിടുന്നത്.
ശബരിമലയിലേക്ക് സ്ത്രീകൾ എത്തിയാൽ തടയുമെന്ന് പ്രഖ്യാപിച്ച് 17ന് കണ്ണൂരിൽനിന്ന് പോയ കെ.സുധാകരൻ സ്ത്രീകൾ വന്നപ്പോൾ എവിടെയായിരുന്നു എന്നും ശ്രീധരൻ പിള്ള ചോദിച്ചു. സുധാകരൻ വാക്ക് പറഞ്ഞ ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എൻ.ഡി.എ നാളെ കാസർകോട് മധൂരിൽ നിന്ന് തുടങ്ങാൻ പോകുന്ന ജാഥ വൻ വിജയമായിരിക്കുമെന്നും ശ്രീധരൻ പിള്ള 'ഫ്ളാഷി'നോട് പറഞ്ഞു.