-sabarimala-protest

കൊച്ചി: ശബരിമലയിൽ സ്ത്രീകളുടെ വ്രതകാലം 21 ദിവസമാക്കണമെന്നും ഇത് സംബന്ധിച്ച് തന്ത്രിക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എം.കെ.നാരായണൻ പോറ്റിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. എന്നാൽ ഇത് സംബന്ധിച്ച നിർദ്ദേശം നൽകാൻ തന്ത്രിക്ക് അധികാരമുണ്ടോ എന്ന് കോടതി ചോദിച്ചു. ഹർജിക്കാരനോട് സുപ്രീം കോടതിയെ സമീപിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.

അതേസമയം, ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന പുനപരിശോധനാ ഹർജികളിൽ തീരുമാനമുണ്ടാകുന്നത് വരെ ശബരിമലയിൽ സ്ത്രീ പ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയും ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ വരുന്ന ഹർജികൾ പരിഗണിക്കാൻ ആവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയിലും ഹർജി നൽകിയിട്ടുണ്ടെന്ന കാര്യം ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിനായി നടതുറന്നപ്പോൾ പൊലീസ് സുരക്ഷ വർദ്ധിപ്പിക്കാൻ കാരണം കേന്ദ്രമുന്നറിയിപ്പാണെന്ന് സർക്കാർ. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകൾ ശബരിമലയിൽ എത്തുമെന്നായിരുന്നു ഇന്റലിജൻസിന്റെ മുന്നറിയിപ്പെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ശബരമലയിൽ വിശ്വാസികൾക്കും മാദ്ധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ലെന്നും സർക്കാർ അറിയിച്ചു.