അഹമ്മദാബാദ്: ഫൈസാബാദിന്റെ പേര് മാറ്റി അയോദ്ധ്യ എന്നാക്കുമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അഹമ്മദാബാദിന്റെ പേരും മാറ്റുമെന്ന പ്രഖ്യാപനവുമായി ഗുജറാത്ത് സർക്കാർ. നിയമപരമായ തടസ്സങ്ങളൊന്നുമില്ലെങ്കിൽ കർണ്ണാവതി എന്നായിരിക്കും പുതിയപേരെന്ന് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചരിത്രപരമായി നോക്കിയാൽ പതിനൊന്നാം നൂറ്റാണ്ടിൽ അഹമ്മദാബാദ് 'ആശാവൽ' എന്ന പേരിലായിരുന്നു. പിന്നീട് ചൗലുക്യ ഭരണകാലത്ത് 'കർണ്ണാവതി' എന്നാക്കിയിരുന്നു. 1411ൽ സുൽത്താൻ അഹമ്മദ് ഷാ നഗരം പുനസ്ഥാപിച്ചതിനെ തുടർന്നാണ് അഹമ്മദാബാദ് എന്നാക്കിയത്. വ്യക്തമാക്കി. ശരിയായ സമയത്താണ് പേരുമാറ്റാൻ സർക്കാർ തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര നിർമ്മാണവും പേരുമാറ്റൽ പരിപാടികളും ഹിന്ദു വോട്ടുകൾക്ക് വേണ്ടിയുള്ള ബി.ജെ.പിയുടെ തട്ടിപ്പുകളാണെന്ന് കോൺഗ്രസ് നേതാവ് മനീഷ് ദോഷ് തിരിച്ചടിച്ചു. അധികാരത്തിൽ വന്ന ശേഷം ബി.ജെ.പി നേതാക്കൻമാർ ഒന്നിന് പിറകെ ഒന്നായി ജനങ്ങളെ പറ്റിക്കുകയാണെന്നും ഹിന്ദു സമൂഹത്തെ വഞ്ചിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫൈസാബാദിന്റെ പേര് മാറ്റിയതിനെ തുടർന്നാണ് ഗുജറാത്ത് സർക്കാരിന്റെ പുതിയ പ്രഖ്യാപനം.