mt-vaudevan-nair

കോഴിക്കോട്: രണ്ടാമൂഴം സിനിമയാകുന്നതിനുള്ള സാധ്യത വീണ്ടും മങ്ങുന്നു. ഒരുതരത്തിലുള്ള മധ്യസ്ഥ ചർച്ചകൾക്കും തനിക്ക് താൽപര്യമില്ലെന്ന് അറിയിച്ച എം.ടി വാസുദേവൻ നായർ തിരക്കഥ തിരിച്ചു വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്നു. കേസ് പരിഗണിച്ച കോഴിക്കോട് മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എം.ടിയുടെ അഭിഭാഷകൻ കടുത്ത നിലപാട് സ്വീകരിച്ചത്. പ്രശ്‌നം കോടതിക്ക് പുറത്ത് പരിഹരിക്കാൻ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകൻ ശ്രീകുമാർ മേനോന്റെ ആവശ്യത്തോടുള്ള പ്രതികരണമായിട്ടായിരുന്നു എം.ടി നിലപാട് വ്യക്തമാക്കിയത്.

സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാൽ തർക്കപരിഹാരത്തിന്റെ ആവശ്യമില്ലെന്നാണ് എം.ടിയുടെ നിലപാട്. കരാർ കാലാവധിക്കുള്ളിൽ ചിത്രീകരണം തുടങ്ങാത്തതിനാൽ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി തന്നെയാണ് കോടതിയ സമീപിച്ചത്. തുടർന്ന് ചിത്രീകരണം തുടങ്ങുന്നതിൽ നിന്ന് സംവിധായകനെയും നിർമാണ കമ്പനിയെയും കോടതി താൽകാലികമായി വിലക്കിയിരുന്നു. കേസ് 13ന് വീണ്ടും പരിഗണിക്കും.