കൊല്ലം: ശബരിമലയിൽ യുവതീ പ്രവേശനത്തിന് സർക്കാർ ആസൂത്രണം ചെയ്‌ത പദ്ധതി ഭരണപക്ഷത്തിന്റെ വിശ്വസ്‌തരായ പൊലീസുകാർ തന്നെ പൊളിച്ചതായി വിവരം. പൊലീസ് ആസ്ഥാനത്തെ മദ്ധ്യനിരയിലെ ഒരു ഓഫീസറുടെ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.
സർക്കാർ എന്ത് തീരുമാനിച്ചാലും സന്നിധാനത്ത് കടുത്ത നടപടിയിലേക്ക് പോകുന്നത് സേനയ്‌ക്ക് ഭൂഷണമല്ലെന്നാണ് സംഭാഷണത്തിന്റെ കാതൽ. സന്നിധാനത്ത് പൊലീസ് നടപടിയിൽ അനിഷ്‌ട സംഭവങ്ങൾ ഉണ്ടായാൽ അത് നാട്ടിൽ വലിയ അക്രമസംഭവങ്ങൾക്ക് ഇടയാക്കുമെന്നും വിലയിരുത്തുന്നു. ഇതിന്റെ പ്രതിഷേധം ആദ്യഘട്ടത്തിൽ സർക്കാരിനെതിരെയുള്ള വികാരത്തിന്റെ ഭാഗമായി പൊതുമുതൽ നശീകരണത്തിലേക്ക് നീങ്ങാം. എന്നാൽ അടുത്ത ഘട്ടത്തിൽ അത് സി.പി.എം -സംഘപരിവാർ ഏറ്റുമുട്ടലിൽ കലാശിക്കുമെന്നും ഈ ഉദ്യോഗസ്ഥൻ പറയുന്നു.
ചിത്തിര ആട്ട വിശേഷത്തിന് നട തുറക്കുന്നതിന് തലേന്നാണ് ഈ ഉദ്യോഗസ്ഥൻ പൊലീസ് ഫാറത്തിൽ ഇങ്ങനെ പറഞ്ഞത്. അതേസമയം, പല ഓഫീസർമാരും ശബരിമല ഡ്യൂട്ടിയിൽ നിന്ന് ഒഴിഞ്ഞുനിന്നതും സേനയിൽ ചർച്ച ആയിട്ടുണ്ട്. ഡിവൈ.എസ്.പി, സി.ഐ റാങ്കിലുള്ള ചിലരാണ് മാറി നിന്നത്.