തൃപ്പൂണിത്തുറ: തൃശൂർ, കോട്ടയം, എറണാകുളം ജില്ലകളിൽ നടന്ന എ.ടി.എം കവർച്ചാ കേസിലെ പ്രതികളായ ഹനീഫ്, പപ്പി, ട്രക്ക് ഡ്രൈവറായ നസീം ഖാൻ എന്നിവരെ ശനിയാഴ്ച തൃപ്പൂണിത്തുറ കോടതിയിൽ ഹാജരാക്കും. കവർച്ചയ്ക്ക് ശേഷം ഹരിയാന ഷിക്കപ്പൂർ മേവാത്തിലേക്ക് കടന്ന സംഘത്തിലെ മൂവരെയും തൃപ്പൂണിത്തുറ സി.ഐ ഉത്തംദാസ് ഷിക്കപ്പൂർ പോലീസിന്റെ സഹായത്തോടെയാണ് മേവാത്തിൽ നിന്നും പിടികൂടിയത്.
ഡൽഹി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ ഇവരെ വെള്ളിയാഴ്ച കൊച്ചിയിലെത്തിക്കും.
ശനിയാഴ്ച തൃപ്പൂണിത്തുറ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്താനാണ് ശ്രമം. മറ്റ് പ്രതികളെ ഉടൻ പിടികൂടാനാകുമെന്നും അന്വേഷണ സംഘം പറഞ്ഞു. സംഘത്തിലെ മുഖ്യ പ്രതികളായ അലീം, അസംഖാൻ എന്നിവരെ പിടികൂടാനായില്ല. ട്രക്ക് ഡ്രൈവർമാരായ നസീം ഖാൻ, അസംഖാൻ, അലീം എന്നിവർ ബന്ധുക്കളാണ്. അറസ്റ്റിലായ ഹനീഫും പപ്പിയും വിമാന മാർഗമാണ് മോഷണത്തിനായി കേരളത്തിലെത്തിയത്.
ചാലക്കുടി കൊരട്ടി ടവർ കേന്ദ്രീകരിച്ച് ഹൈവേയിൽ സ്ഥാപിച്ച സ്പീഡ് കാമറയിലെ ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലുമാണ് ഇവരെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വടക്കേ ഇന്ത്യയിൽ നിന്നും ലോഡുമായി കേരളത്തിലെത്തിയ ട്രക്ക് ഡ്രൈവർമാരാണ് കവർച്ചാ സംഘത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു .ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം കവർച്ച ചെയ്യുന്നതിലെ വിദഗ്ദ്ധരായ രണ്ട് പേർ വിമാന മാർഗമാണ് വന്നതെന്നും നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എസ്.ഐ റെനീഷ്, ഡിനിൽ ,റെജി ,അനസ്, അജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ മാസം 12നാണ് തൃപ്പൂണിത്തുറ ഇരുമ്പനത്തും തൃശൂർ കൊരട്ടിയിൽ നിന്നുമായി 35 ലക്ഷത്തോളം രൂപ കവർന്നത്.