കൊച്ചി : ഐ.എസ്.എൽ. മത്സരത്തിനിടെ താത്കാലിക ജീവനക്കാരായി വന്ന കോളേജ് വിദ്യാർത്ഥികളെ തോക്കിൻ മുനയിൽ നിർത്തിയ സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് തിരിച്ചറിഞ്ഞു. ഗോവ സ്വദേശി സത്നാം സിംഗാണ് വിദ്യാർത്ഥികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദ്ദനത്തിന് നേതൃത്വം നൽകുകയും ചെയ്തത്.
ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ സുരക്ഷാ ഏജൻസിയായ തണ്ടർഫോഴ്സിലെ അംഗമായ ഇയാൾ ഒളിവിലാണെന്നാണ് വിവരം. ഗോവയിലെയും കൊച്ചിയിലെ തണ്ടർഫോഴ്സിന്റെ റീജിയണൽ ഓഫീസുകളിൽ നിന്നായി സത്നാം സിംഗിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വധശ്രമം അടക്കമുള്ള വകുപ്പാണ് ചുമത്തിയിട്ടുള്ളത്. സത്നാം സിംഗിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് കൊച്ചി സിറ്റി അസി. പൊലീസ് കമ്മിഷണർ കെ. ലാൽജി കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ബംഗളുരു കേരളാ ബ്ലാസ്‌റ്റേഴ്സ് മത്സരത്തിനശേഷമാണ് സംഭവം. താത്കാലിക ജീവനക്കാരായെത്തുന്ന വിദ്യാർത്ഥികൾക്ക് മത്സരശേഷം പണം നൽകുന്നതാണ് പതിവ്. ഇത്തവണ നൽകിയില്ല. ഇതിനായി കാത്തുനിന്ന വിദ്യാർത്ഥികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയുമായിരുന്നു. പാലാരിവട്ടം പൊലീസാണ് പരിക്കേറ്റ ഏഴു വിദ്യാർത്ഥികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ അറസ്റ്റിലായ എട്ട് തണ്ടർഫോഴ്സ് ജീവനക്കാരായ ഗോവ സ്വദേശി റോഷൻ ഡൂരി (32), നോർത്ത് ഗോവ സ്വദേശി ബാബു ജോർജ് (54), കർണാടക സ്വദേശി ലാൽസാബ് (29), പഞ്ചാബ് സ്വദേശികളായ മംഗൽ സിംഗ് (19), ദീപക് ശർമ്മ (29), രാജസ്ഥാൻ സ്വദേശി വിക്രം സിംഗ് (27), തിരുവാങ്കുളം സ്വദേശി അഖിൽ (23), മദ്ധ്യപ്രദേശ് സ്വദേശി സരേഷ് (44) എന്നിവർ റിമാൻഡിലാണ്.
വധശ്രമമടക്കമുള്ള വകുപ്പുകൾ തന്നെയാണ് ഇവർക്കെതിരെയും ചുമത്തിയിട്ടുള്ളത്.കഴിഞ്ഞ സീസൺ മുതലാണ് തണ്ടർഫോഴ്സ് ഐ.എസ്.എൽ സുരക്ഷയേറ്റെടുക്കുന്നത്. തണ്ടർഫോഴ്സ് ജീവനക്കാർ ഉപയോഗിച്ചത് ലൈസൻസില്ലാത്ത തോക്കണെന്ന സംശയത്തെ തുടർന്ന് പൊലീസ് ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്. കൊച്ചിയിലെയും ഗോവയിലെയും ഓഫീസുകളിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും മറ്റ് നടപടികളിലേക്ക് പൊലീസ് കടക്കുക.