sleeping

വയസായ പുരുഷന്മാരിൽ മൂത്രാശയ പ്രശ്നങ്ങൾ സാധാരണയാണ്. 80 വയസായ പുരുഷന്മാരിൽ 80 ശതമാനം പേർക്കും ഏതെങ്കിലും തരത്തിലുള്ള മൂത്രാശയ പ്രശ്നങ്ങൾ കാണും. മൂത്രാശയ പ്രശ്നങ്ങൾക്ക് പ്രാഥമികമായി മരുന്നുകൾ കൊണ്ടുള്ള ചികിത്സയാണ് കൊടുക്കുന്നത്. എന്നാൽ 29 ശതമാനം പേർ മാത്രമേ ഒരുവർഷത്തെ കണക്കെടുത്താൽ മരുന്നു ചികിത്സയിൽ തുടരുന്നതായി കാണാൻ കഴിയുന്നുള്ളൂ. മരുന്നുചികിത്സ ഫലപ്രദമായി കാണാത്തതു കൊണ്ടാണ് ഭൂരിപക്ഷം രോഗികളും ഇത് തുടരാത്തതായി കാണുന്നത്. മരുന്നുകൾ പ്രോസ്റ്റേറ്റ് ഗ്രന്ഥി മൂലമുള്ള തടസം മാത്രമാണ് മാറ്റുന്നത്. എന്നാൽ മൂത്രാശയ പ്രശ്നങ്ങൾ മറ്റു കാരണങ്ങൾ കൊണ്ടും ഉണ്ടാകാം.

വയസാകുന്നത്, പ്രമേഹം,. അമിതവണ്ണം, മാനസിക പ്രശ്നങ്ങൾ, ഉറക്കത്തിന്റെ വ്യതിയാനങ്ങൾ മുതലായവ മൂത്രാശയ പ്രശ്നങ്ങൾക്ക് കാരണമാവാം. രാത്രിയിൽ രണ്ടുതവണയിൽ കൂടുതൽ മൂത്രമൊഴിക്കേണ്ടിവരുന്നത് ഉറക്കത്തിന്റെ വ്യതിയാനങ്ങൾ മൂലമാകാം. രാത്രിയിൽ ഉറക്ക പ്രശ്നങ്ങൾ മൂലം ഉണരുമ്പോൾ മൂത്രമൊഴിക്കുന്നതിനായി അത് ഉപയോഗിക്കുന്നു. മറ്റൊരു കൂട്ടരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ തടസം മൂലമുള്ള മൂത്രാശയ പ്രശ്നങ്ങൾ ഉറക്കത്തിന് തടസമുണ്ടാക്കുന്നു. ഈ രണ്ട് വിഭാഗക്കാരിലും പകൽ സമയത്ത് ക്ഷീണം, പ്രമേഹം, ഹൃദ്രോഗം, മാനസിക പ്രശ്നങ്ങൾ മുതലായവയും ഇതുകൊണ്ട് ഉണ്ടാകുന്നു. തന്മൂലം മൂത്രാശയ പ്രശ്നങ്ങൾ ഉള്ള രോഗികൾക്ക് മേല്പറഞ്ഞ അസുഖങ്ങൾക്കും കൂടിയുള്ള ചികിത്സ ആവശ്യമാണ്. ഉറക്കത്തിന്റെ തകരാറുകൾ രാത്രിയിലെ മാത്രമല്ല പകൽ സമയത്തെയും മൂത്രപ്രശ്നങ്ങൾക്ക് കാരണമാകും.

രാത്രി സമയത്തെ മൂത്രമൊഴിവാണ് രോഗികളെ കൂടുതൽ അലട്ടുന്ന പ്രശ്നം. മരുന്നുകൾ കൊണ്ടും ശസ്ത്രക്രിയ കൊണ്ടും ഈ പ്രശ്നം പരിഹരിക്കുന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. ശസ്ത്രക്രിയ കൊണ്ട് 20 ശതമാനം പേർക്ക് മാത്രമേ രാത്രിയിലുള്ള മൂത്രമൊഴിവ് പരിഹരിക്കപ്പെടുകയുള്ളൂ. സ്ലീപ്പ് അപ്നിയ എന്ന വിഭാഗത്തിൽ പെടുന്ന ഉറക്ക പ്രശ്നം രാത്രിയിലുള്ള മൂത്രമൊഴിവിന് കാരണമാണ്. ഈ ഉറക്ക തകരാറിനുള്ള ചികിത്സയായ ആശുമു ചെയ്ത രോഗികളുടെ മൂത്രാശയ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ആവുന്നതായി കണ്ടു. തന്മൂലം വയസായ പുരുഷന്മാരുടെ മൂത്രാശയ പ്രശ്നങ്ങൾക്ക് പ്രോസ്റ്റേറ്റ് തടസത്തിനുള്ള മരുന്നുകളോടൊപ്പം പ്രമേഹം, ഉറക്ക തകരാറുകൾ, ഹൃദ്രോഗം,രക്തസമ്മർദ്ദം മുതലായ അസുഖങ്ങളുടെ ചികിത്സയും ഒരുമിച്ച് നടത്തിയാൽ മാത്രമേ മൂത്രപ്രശ്നങ്ങൾക്ക് ഫലപ്രദമായ ഒരു ഉത്തരം കിട്ടുകയുള്ളൂ.

ഡോ. എൻ. ഗോപകുമാർ

യൂറോളജിസ്റ്റ് & ആൻഡ്രോളജിസ്റ്റ്

യൂറോ കെയർ ഓൾഡ് പോസ്റ്റാഫീസ് ലെയിൻ

ചെമ്പകശേരി ജംഗ്ഷൻ

പടിഞ്ഞറേകോട്ട

തിരുവനന്തപുരം

ഫോൺ: 094470 57297