minister-kt-jaleel

തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ തസ്‌തികയിൽ തന്റെ ബന്ധുവായ അദീപിനെ നിയമിച്ചത് സ്വജനപക്ഷപാതമാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകളുണ്ടെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. ഇതിനുള്ള രേഖകൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ധനകാര്യ വകുപ്പിലെ അണ്ടര്‍സെക്രട്ടറിയും എസ്ബിഐ റീജ്യണല്‍ മാനേജറും അടക്കമുള്ളവരെ ഒഴിവാക്കിയാണ് തന്റെ ബന്ധുവിനെ മന്ത്രി നിയമിച്ചത്. അദീപ് ഒഴികെയുള്ളവരെല്ലാം സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരാണെന്നും ഫിറോസ് ആരോപിച്ചു.

കോർപ്പറേഷനിലെ തന്നെ മറ്റൊരു ഡെപ്യൂട്ടി ജനറൽ മാനേജരുടെ പോലും അപേക്ഷ മറികടന്നാണ് അദീപിന് നിയമനം നൽകിയത്. അഭിമുഖത്തിന് വന്ന നാല് സർക്കാർ ജീവനക്കാർക്കും ഡെപ്യൂട്ടേഷനുള്ള യോഗ്യതയുണ്ടായിരുന്നു. ഇക്കൂട്ടത്തിലെ രണ്ട് പേർക്ക് അദീപിനേക്കാൾ വിദ്യാഭ്യാസ യോഗ്യതയുമുണ്ടായിരുന്നു. ഇക്കാര്യങ്ങൾ തെളിയിക്കുന്ന വിവരാവകാശ രേഖകൾ തങ്ങൾക്ക് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം,​ പൊതുജനമദ്ധ്യത്തിൽ ആരോപണം ഉന്നയിക്കുന്നതിന് പകരം കോടതിയെ സമീപിക്കണമെന്ന മന്ത്രി കെ.ടി.ജലീലിന്റെ വെല്ലുവിളി ഏറ്റടുത്ത് മുസ്‌ലിം ലീഗ് കോടതിയെ സമീപിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ താൻ നിയമത്തിന് നിരക്കാത്തത് ഒന്നും ചെയ്‌തിട്ടില്ലെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അദീപിനെ നിയമിച്ചതെന്നുമാണ് ജലീലിന്റെ വാദം. പക്ഷേ കൂടുതൽ വിവാദങ്ങൾക്ക് വഴിനൽകാതെ അദീപിനെ സ്ഥാനത്ത് നിന്നും ഒഴിവാക്കി പകരം മറ്റൊരാളെ കൊണ്ടുവരാനുള്ള സാദ്ധ്യതയുമുണ്ടെന്നും വിവരമുണ്ട്.