ന്യൂഡൽഹി: ഭരണഘടനാ തത്വങ്ങൾ പാലിച്ചുകൊണ്ട് അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. അയോധ്യയിൽ രാമപ്രതിമയുടെ നിർമാണത്തിന് രണ്ട് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനായുള്ള സർവേ നടപടികൾ പുരോഗമിക്കുകയാണ്. രാമക്ഷേത്രത്തിലേക്കുള്ള ദിശാസൂചകമായിരിക്കും രാമപ്രതിമയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തീവ്രഗ്രൂപ്പുകളെ തൃപ്‌തിപ്പെടുത്താൻ ചില വൻ പ്രഖ്യാപനങ്ങൾ യോഗി നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ലെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയെ അയോദ്ധ്യ എന്നാക്കി മാറ്റിയതിനു പിന്നാലെ പുതിയ വിമാനത്താവളവും മെഡിക്കൽ കോളേജും കഴിഞ്ഞ ദിവസം യോഗി പ്രഖ്യാപിച്ചിരുന്നു. ശ്രീരാമന്റെ പിതാവ് ദശരഥന്റെ പേരിൽ ഉത്തർപ്രദേശിൽ ഒരു മെഡിക്കൽ കോളേജും രാമന്റെ പേരിൽ അയോദ്ധ്യയിൽ ഒരു വിമാനത്താവളവും നിർമ്മിക്കുമെന്നാണ് യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം.
ശ്രീരാമന്റെ ജന്മസ്ഥലമെന്ന് കരുതപ്പെടുന്ന ഫൈസാബാദിൽ ഇന്നലെ ദീപാവലി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ജില്ലയുടെ പേരുമാറ്റം പ്രഖ്യാപിച്ചത്. അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നാക്കി മാറ്രാൻ യു.പി സർക്കാർ തീരുമാനിച്ചതിനു പിന്നാലെയാണ് പുതിയ പേരുമാറ്റ നടപടി. സരയൂ നദിക്കരയിലെ ഫൈസാബാദ്, അയോദ്ധ്യ എന്നീ രണ്ട് നഗരങ്ങൾ ചേർന്നതാണ് ഫൈസാബാദ് ജില്ല. പേരുമാറ്രത്തെ കുറിച്ച് ഉയരുന്ന പ്രതിഷേധങ്ങൾക്കും ആദിത്യനാഥ് മറുപടി നൽകി. എന്തുകൊണ്ടാണ് പേരുമാറ്റത്തെ എതിർക്കുന്നവർക്കൊന്നും രാവണൻ എന്നോ ദുര്യോധനൻ എന്നോ പേരിടാത്തതെന്നും ഇന്ത്യയിൽ ഒരു പേരിന് ഏറെ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.