തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷത്തിന് ശേഷം കഴിഞ്ഞ ദിവസം ശബരിമല നട അടച്ചതോടെ ഇനി എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്ക്. 13ന് റിവ്യൂ ഹർജിയും റിട്ട് ഹർജികളും സുപ്രീംകോടതി പരിഗണിക്കും. റിട്ട് ഹർജികൾ പരിഗണിക്കാനായി മൂന്നംഗ ബഞ്ച് രൂപീകരിച്ചിട്ടുണ്ട്.
കോടതിയുടെ തീരുമാനം എങ്ങനെയായിരിക്കും എന്നതിന് അനുസരിച്ചായിരിക്കും ഭക്തരുടെയും സർക്കാരിന്റെയും നീക്കം. സാധാരണ ഗതിയിൽ റിവ്യൂ ഹർജി സുപ്രീംകോടതി തള്ളുകയാണ് ചെയ്യുക എന്ന അഭിപ്രായമാണ് പൊതുവെ എല്ലാവരും നേരത്തെ പ്രകടിപ്പിച്ചിരുന്നതെങ്കിലും ഇപ്പോൾ സ്ഥിതിഗതികൾ കുറെ മാറിയിട്ടുണ്ട്. ശബരിമലയിൽ തൽസ്ഥിതി തുടരാൻ അനുവദിച്ചശേഷം മറ്രൊരു വിശാല ബെഞ്ചിലേക്ക് കേസ് പരിഗണിക്കാൻ വിട്ടുകൂടായ്കയില്ല. ഇതിനുള്ള സാദ്ധ്യത നിയമ വിദഗ്ദ്ധരും തള്ളിക്കളയുന്നില്ല.
അങ്ങനെയാണെങ്കിൽ ശബരിമലയിലെ പ്രശ്നങ്ങൾക്ക് താത്കാലിക വിരാമമാകും. 17നാണ് മണ്ഡലകാലം തുടങ്ങുന്നത്. സുപ്രീംകോടതി റിവ്യൂ ഹർജി തള്ളുകയാണെങ്കിൽ പ്രശ്നം വീണ്ടും സങ്കീർണമാകും. എന്തുവിലകൊടുത്തും സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടിലാണ് ശബരിമല കർമ്മസമിതിയും ഭക്ത ജനങ്ങളും. അതിനായി സീസൺ മുഴുവൻ അയ്യപ്പഭക്തരെ അണിനിരത്തി പ്രതിരോധം സൃഷ്ടിക്കാനാണ് നീക്കം. അതേസമയം അത് പൊലീസിനും തലവേദനയാകും. സീസൺ മുഴുവൻ സുരക്ഷ ഒരുക്കുന്നതും നിയമ സമാധാന പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തുന്നതും സങ്കീർണ്ണമായ പ്രക്രിയയാവും. പ്രളയത്തിനുശേഷം നവകേരള നിർമ്മാണത്തിൽ ഊന്നൽ നൽകേണ്ട സർക്കാരിന്റെ മുഴുവൻ ശ്രദ്ധയും ശബരിമലയിൽ കേന്ദ്രീകരിക്കേണ്ടിവരും. അവിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ സംസ്ഥാനത്തിനകത്തും പുറത്തും അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകും. അത്തരമൊരു ഘട്ടത്തിൽ സമവായത്തിന്റെയും സമന്വയത്തിന്റെയും പാത സർക്കാരിന് സ്വീകരിക്കേണ്ടിവരും. സുപ്രീംകോടതി വിധി എതിരായാൽ അത് മറികടക്കാൻ നിയമനിർമ്മാണം കൊണ്ടുവരണമെന്നാണ് ഭക്തരുടെ ആവശ്യം. കോടതി വിധി എതിരായാലും അനുകൂലമായാലും രാഷ്ട്രീയ നീക്കങ്ങൾ ചടുലമായി നടക്കും.