1. അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ചരിത്ര മുഹൂർത്തങ്ങൾക്കാണ് തിരഞ്ഞെടുപ്പും രാജ്യവും സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി യു.എസ് കോൺഗ്രസിലേക്ക് രണ്ട് മുസ്ലീം വനിതകൾ തിരഞ്ഞെടുക്കപ്പെട്ടു. സൊമാലിയൻ അഭയാർത്ഥികൾ ആയ 37 കാരി ഇൽഹാൻ ഒമറും പലസ്തീൻ സ്വദേശി 47 കാരിയായ റാഷിദ് ത്‌ലായിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
2. ജനപ്രതിനിധി സഭയിൽ കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ എതിരാളികൾക്ക് അഭിനന്ദനം അറിയിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡെമോക്രാറ്റ് നേതാവ് നാൻസി പെലോസിയെ ഫോണിൽ വിളിച്ചാണ് ട്രംപ് അഭിനന്ദനം അറിയിച്ചത്. ജനപ്രതിനിധി സഭയിൽ എട്ടു വർഷത്തോളം റിപ്പബ്ലിക്കൻ പാർട്ടി കൈയാളി ഇരുന്ന അപ്രമാദിത്വം ഇല്ലാതായത് പുതിയ മാറ്റങ്ങളുടെ തുടക്കം എന്ന് നാൻസി.
3. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇതുവരെയുള്ള ഭരണത്തിന്റെ വിലയിരുത്തലായി കണക്കാക്കപ്പെടുന്ന ജനവിധിയാണ് പുറത്തു വരുന്നത്. 435 അംഗ ജനപ്രതിനിധി സഭയിലെ എല്ലാ സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കും ആണ് ഇടക്കാല തിരഞ്ഞെടുപ്പ് നടന്നത്. 36 സംസ്ഥാനങ്ങളിൽ ഗവർണർ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടന്നു. നേരത്തെ പുറത്തു വന്ന അഭിപ്രായ സർവേകളും ഡെമോക്രാറ്റുകൾക്ക് അനുകൂലം ആയിരുന്നു.
4. ബന്ധു നിയമന വിവാദത്തിൽപ്പെട്ട മന്ത്രി കെ.ടി ജലീൽ കൂടുതൽ കുരുക്കിലേക്ക്. നിയമന അംഗീകാരത്തിനുള്ള ഫയൽ ധനവകുപ്പിന്റെ പരിഗണനയിൽ ഇരിക്കെ മറ്റൊരു അനുബന്ധ ഫയൽ ഉണ്ടാക്കി ബന്ധുവിനെ നിയമിക്കുക ആയിരുന്നു എന്ന തെളിവുകളാണ് പുറത്തായത്. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ സ്വയം ഭരണാധികാര സ്ഥാപനം അല്ലാത്തതിനാൽ പഴ്‌സണൽ ആന്റ് അഡ്മിനിസ്‌ട്രേഷൻ വകുപ്പിന്റെ അനുമതി നിയമനത്തിന് അത്യാവശ്യം ആണ്. എന്നാൽ അതിലും വീഴ്ച വരുത്തിയതായി വിവരം.
5. ഹജ്ജ് കമ്മിറ്റി ഓഫിസിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ടും ആരോപണം ഉയർന്നതോടെ മന്ത്രി കൂടുതൽ പ്രതിരോധത്തിൽ ആയി. അതിനിടെ, ബന്ധുനിയമനത്തിൽ മന്ത്രിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കും എന്ന് യൂത്ത് ലീഗ്. കെ.ടി ജലീലിന് എതിരെ കേസ് നൽകും എന്ന് യു.ഡി.എഫ് നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.
6. കോടതിയിൽ നിന്ന് പ്രതികൂല പരാമർശം ഉണ്ടായാൽ മന്ത്രിക്ക് രാജിവയ്‌ക്കേണ്ടി വരും. നിലവിൽ നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന സർക്കാരിന് ഇത് വലിയ തിരിച്ചടി ആകും. ബന്ധു നിയമന വിവാദത്തിൽ രാജിവയ്‌ക്കേണ്ടി വന്ന മന്ത്രി ഇ.പി ജയരാജൻ മാത്രമാണ് ജലീലിനെ പിന്തുണച്ച് രംഗത്ത് എത്തിയത് എന്നതും ശ്രദ്ധേയമാണ്.
7. ബ്രൂവറി വിവാദത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. ബ്രൂവറിയിൽ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല നൽകിയ കത്ത് ഗവർണർ തള്ളി. അന്വേഷണം വേണ്ടെന്ന് ഗവർണർ പി. സദാശിവം. ഹൈക്കോടതി വിധി കൂടി പരിഗണിച്ചാണ് ഗവർണറുടെ തീരുമാനം. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല മൂന്ന് തവണ ഗവർണറെ കണ്ടിരുന്നു.
8. കോഴിക്കോട് കളക്ടർ യു.വി ജോസിനേയും ദേവികുളം സബ് കളക്ടർ വി.ആർ പ്രേം കുമാറിനെയും മാറ്റി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ശ്രീറാം സാംബശിവ റാവുവാണ് പുതിയ കോഴിക്കോട് കളക്ടർ. പ്രേം കുമാറിനു പകരം ആരെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പ്രേം കുമാറിനെ മാറ്റണമെന്ന് സി.പി.എം ജില്ലാ നേതൃത്വവും എസ്. രാജേന്ദ്രൻ എം.എൽ.എയും ആവശ്യപ്പെട്ടിരുന്നു.
9. സംസ്ഥാനത്ത് ഇന്നും എൻ.എസ്.എസ് ഓഫീസുകൾക്ക് നേരെ ആക്രമണം. ആലപ്പുഴയിലും കൊല്ലത്തും ആണ് കരയോഗ മന്ദിരങ്ങൾക്കു നേരെ ആക്രമണം ഉണ്ടായത്. ആലപ്പുഴ കുടശ്ശനാട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിലും എൻ.എസ്.എസ് ഹൈസ്‌കൂളിലും കരിങ്കൊടി കെട്ടി. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് അനുശോചനം എന്ന് എഴുതിയ റീത്തും വച്ചു. എൻ.എസ്.എസ് നേതൃത്വത്തിന്റെ പരാതിയിൽ നൂറനാട് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
10. മലയാള സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം തടയാൻ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് ആവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി 26ലേക്ക് മാറ്റി. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് സംഘടനകളുടെ ആവശ്യത്തെ തുടർന്നാണ് ഹർജി മാറ്റിയത്.
11. അഹമ്മദാബാദ് നഗരത്തിന്റെ പേര് മാറ്റാൻ ഒരുങ്ങുകയാണ് ഗുജറാത്ത് സർക്കാർ. കർണാവതി എന്നായിരിക്കും നഗരത്തിന്റെ പുതിയ പേര്. യോഗി ആദിത്യനാഥ് സർക്കാർ ഫാസിയാബാദിന്റെ പേര് അയോധ്യ എന്ന് മാറ്റിയതിന് പിന്നാലെ ആണ് ഗുജറാത്ത് സർക്കാരും പുതിയ നീക്കവുമായി രംഗത്ത് എത്തുന്നത്.
12. ഇന്ത്യചൈന അതിർത്തിക്ക് സമീപം ഹർസിൽ സൈനികർക്ക് ഒപ്പമായിരുന്നു ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആഘോഷം. ഹർസിലെ ഐ.റ്റി.ഡി.പി ജവാന്മാർക്ക് മധുരം നൽകിയായിരുന്നു ആഘോഷം. ആഘോഷത്തിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കു വച്ചിട്ടുണ്ട്. ഇന്ന് രാവിലെ കേദാർനാഥ് ശിവക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് മോദി അതിർത്തിയിൽ എത്തിയത്.
13. മാധവ് രാമദാസൻ സംവിധാനം ചെയ്യുന്ന ഇളയരാജയുടെ മോഷൻ പോസ്റ്റർ പുറത്തു വിട്ടു. ഗിന്നസ് പക്രു ആണ് ചിത്രത്തിൽ നായകൻ. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത് ആണ് മോഷൻ പോസ്റ്റർ. സുദീപ്. ടി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആണ് മാധവ് രാമദാസൻ.
14. ഉലക നായകൻ കമൽ ഹാസൻ നിർമ്മിക്കുന്ന കദരംകൊണ്ടൻ ഫ്ര്രസ്ലുക്ക് എത്തി. വിക്രത്തിന്റെ അടാറ് ലുക്കിൽ ഞെട്ടിയിരിക്കുകയാണ് സിനിമാ പ്രേമികൾ. ഇതുവരെ കാണാത്ത ലുക്കിലാണ് വിക്രം ചിത്രത്തിൽ എത്തുന്നത്. രാജേഷ് എം. സെൽവ സംവിധാനം ചെയ്യുന്ന ചിത്രം കമലിന്റെ രാജ് കമൽ ഫിലിം ഇന്റർനാഷണൽ ആണ് നിർമ്മിക്കുന്നത്.