അക്ഷരലക്ഷം പരീക്ഷയിൽ 98 ശതമാനം മാർക്കോടെ ഒന്നാം റാങ്ക് നേടിയ 96 കാരി കാർത്യായനി അമ്മയെ അനുമോദിക്കാനെത്തിയതാണ് ആലപ്പുഴ ജില്ല കളക്ടർ എസ്. സുഹാസ്. മുട്ടത്തെ വീട്ടിലെത്തി റാങ്ക് ജേതാവിനെ അനുമോദിക്കുന്നതിനൊപ്പം സമ്മാനമായി ഒരു പേന നൽകാനും കളക്ടർ മറന്നില്ല. പേന കിട്ടിയപ്പോൾ ഒരു കുട്ടിയുടെ ജിജ്ഞാസയോടെ തിരിച്ചുമറിച്ചും നോക്കി സന്തോഷത്തോടെ തലയാട്ടിയ അമ്മൂമ്മ ഉടൻ ഒരു വെള്ളകടലാസെടുത്ത് എഴുതാൻ ആരംഭിച്ചു. കളക്ടറെ കൺമുൻപിൽ കിട്ടിയതല്ലേ ഒരു പരാതി എഴുതി നൽകാൻ ഇതിലും നല്ല അവസരം വേറെയുണ്ടോ. ചേപ്പാട് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വന്തം കൈപ്പടയിൽ നിവേദനം എഴുതി നൽകി നാടിനൊന്നാകെ സ്റ്റാറായി ഒരിയ്ക്കൽ കൂടി മാറിയിരിക്കുകയാണ് കാർത്യായനി അമ്മ. സമ്മാനമായി നൽകിയ പേന കൊണ്ട് റാങ്ക് ജേതാവ് നൽകിയ നിവേദനത്തിൽ ഉടൻ തീരുമാനമെടുത്തിരിക്കുകയാണ് കളക്ടർ. രണ്ടു ദിവസത്തിനകം പ്രശ്നം പരിഹരിക്കണമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകിയാണ് കളക്ടർ പോയത്.
പിന്നീട് ഫേസ്ബുക്ക് പോസ്റ്റിൽ നേട്ടങ്ങൾ കൈവരിക്കാൻ പ്രായം ഒരു തടസമല്ലെന്ന് നമുക്ക് കാണിച്ചുതന്ന കാർത്യായനി അമ്മ ഏത് ചെറിയ പരാജയത്തിൽ പോലും മനസിടറി പോകുകയും ആത്മഹത്യയിൽ വരെ ചെന്നെത്തുകയും ചെയ്യുന്ന ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
യഥാര്‍ഥ ജീവിതത്തിലെ ഒരു സൂപ്പര്‍താരത്തെ കണ്ട സന്തോഷത്തിലാണ് ഈ പോസ്റ്റിടുന്നത്. അക്ഷരലക്ഷം പരീക്ഷയില്‍ 98 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയ 96 കാരി കാര്‍ത്യായനി അമ്മയെ മുട്ടത്തെ അവരുടെ വീട്ടില്‍ ചെന്ന് കണ്ടു. ആ അമ്മയുടെ കണ്ണുകളിലെ തിളക്കം എന്നില്‍ ഉളവാക്കിയ പോസിറ്റിവ് എനര്‍ജി ചെറുതല്ല. നേട്ടങ്ങള്‍ കൈവരിക്കാന്‍ പ്രായം ഒരു തടസമല്ലെന്ന് നമുക്ക് കാണിച്ചുതന്ന കാര്‍ത്യായനി അമ്മ ഏത് ചെറിയ പരാജയത്തില്‍ പോലും മനസിടറി പോകുകയും ആത്മഹത്യയില്‍ വരെ ചെന്നെത്തുകയും ചെയ്യുന്ന ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണ്. സമ്മാനമായി ഒരു പേന നല്‍കിയപ്പോള്‍ ആ മുഖത്ത് കുഞ്ഞുങ്ങളുടേതിന് സമാനമായ ജിജ്ഞാസ കാണാനായി. അമ്മ അത് തിരിച്ചുമറിച്ചും നോക്കി എന്നിട്ട് സന്തോഷത്തോടെ തലയാട്ടി. ആ പേന ഉപയോഗിച്ച് അമ്മ ആദ്യത്തെ നിവേദനം എഴുതി. ചേപ്പാട് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണം. ഉടൻ തന്നെ KWA EE ALPY ഫോണിൽ വിളിച്ചു രണ്ടു ദിവസത്തിനകം പ്രശ്നം പരിഹരിക്കണമെന്ന് നിർദ്ദേശിച്ചു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ് നിറഞ്ഞിരുന്നു. അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്...