വിളിച്ചു വരുത്തപ്പെട്ട ഒരു സർവകലാശാല വൈസ് ചാൻസലർ, ചാൻസലർ കൂടിയായ ഗവർണറുടെ മുന്നിൽ താൻ സ്വീകരിച്ച തീർത്തും നിയമവിധേയമായ ഭരണനടപടികൾ വിശദീകരിക്കുകയാണ്. കേന്ദ്രസർക്കാർ രാജ്യമെമ്പാടും കോളേജ് അദ്ധ്യാപകർക്ക് വേണ്ടി നടപ്പാക്കിയ യു.ജി.സി ശമ്പള നിരക്കുകൾ ഇവിടെ നടപ്പാക്കി എന്നതാണ് വിസിയിൽ ആരോപിക്കപ്പെട്ട കുറ്റകൃത്യം . സംഭാഷണമദ്ധ്യേ വിദ്യഭ്യാസമന്ത്രി തിരക്കിട്ട് ഗവർണറെ കാണാൻ എത്തുന്നു. കൈയിൽ ഇതേ വി.സി.യെ പുറത്താക്കാൻ ഉതകുന്ന ഒരു സർവകലാശാല നിയമഭേദഗതി ഓർഡിനൻസ്. വൈസ് ചാൻസലറോട് അല്പസമയം സ്വീകരണ മുറിയിൽ ഇരിക്കാനാവശ്യപ്പെട്ടിട്ട് ഗവർണർ വിദ്യാഭ്യാസമന്ത്രിയെ കാണുന്നു. വിസിയെ പുറത്താക്കിയില്ലെങ്കിൽ കേരളത്തിലെ സർവകലാശാലകളാകെ ധനകാര്യ അരാജകത്വത്തിൽ അമരുമെന്നും ഉടനടി ഓർഡിനൻസിന് അംഗീകാരം നൽകണമെന്നും വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെടുന്നു.
ഗവർണർ വിസിയെ വീണ്ടും കാണുന്നു. ' രാജിവയ്ക്കുകയല്ലേ നല്ലത് ? ഓർഡിനൻസ് മുഖേന പുറത്താക്കപ്പെടുന്നതിലും ഭേദം അതല്ലേ " എന്ന് ചാൻസലർ. ' ഓർഡിനൻസ് ഒപ്പിടുന്നത് അങ്ങ് , അങ്ങയുടെ മനസാക്ഷിയോടു ചോദിച്ച് ചെയ്യേണ്ടതാണെ"ന്നായിരുന്നു വൈസ്ചാൻസലറുടെ മറുപടി . ഒരു തെറ്റും ചെയ്യാത്ത താൻ രാജിവയ്ക്കുന്ന പ്രശ്നം ഉദിക്കുന്നില്ല എന്ന് സൗമ്യമായി അറിയിച്ച് വിസി കോഴിക്കോട്ടെ തന്റെആസ്ഥാനത്തേക്ക് മടങ്ങി.
മരണം എല്ലാവർക്കുമുണ്ട്. എന്നാൽ കേരളത്തിലെ സർവകലാശാലകളുടെ ചരിത്രത്തിൽ ഡോ. ടി. കെ. രവീന്ദ്രൻ എന്ന ചരിത്രകാരന്റെ വി. സി പദവി സ്മരണീയമാകുന്നത് താൻപോരിമയോടെ അദ്ദേഹം നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ഓർമ്മകളിലാണ്.
ടി. കെ. ആറിന്റെ തൂലികയില്ലായിരുന്നെകിൽ യു. ജി. സി നിരക്കുകളിലുള്ള ശമ്പളം ഇന്നും കേരളത്തിലെ സർവകലാശാല അദ്ധ്യാപകർക്ക് കിട്ടാക്കനിയായേനേ. ജൂനിയർ അസിസ്റ്റന്റ് പ്രൊഫസറാണെകിലും സെക്ഷൻ ഓഫീസർമാരെക്കാൾ കുറഞ്ഞ ശമ്പളവുമായി കഴിഞ്ഞേനെ.
മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുത്ത് ഡോ. ടി. കെ. രവീന്ദ്രൻ കാലിക്കറ്റ് സർവകലാശാലയിൽ നടപ്പാക്കിയ ശമ്പള പരിഷ്കാരം സംസ്ഥാന സർക്കാരിന്റെ അധികാരത്തിലുള്ള കൈകടത്തലായി വ്യാഖ്യാനിച്ച് അന്ന് അതിനെതിരെ ഘോരസമരം നടത്തിയതും അദ്ധ്യാപകരായിരുന്നു. ദിവസവും ഒന്നും രണ്ടും ഘെരാവോയ്ക്ക് വിധേയനായിരുന്ന അക്കാലത്തെപ്പറ്റി, കോഴിക്കോട് വിശ്രമജീവിതം നയിച്ചിരുന്ന കാലത്ത് ചെന്ന് കണ്ടപ്പോൾ അദ്ദേഹം വിദ്വേഷരഹിതനായി പറയുമായിരുന്നു. ഞാൻ പദവിയിൽ നിന്നും പുറത്താക്കപ്പെട്ട് നിയമയുദ്ധത്തിലൂടെ തിരിച്ചെത്തിയപ്പോൾ അദ്ദേഹം വിസിമാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റി എന്നെ പരാമർശിച്ച് എഴുതിയിരുന്നു. എൺപത്തിനാല് വയസുള്ളപ്പോഴുള്ള ആ ശ്രദ്ധയും താല്പര്യവും എന്നെ അദ്ഭുതപ്പെടുത്തി. അങ്ങനെയാണ് ചെന്ന് കാണുന്നത്.
സർവകലാശാലയുടെ ഒരു മൗലിക ധർമ്മം അധികാരത്തോട് സത്യം പറയുക എന്നതാണ്. 'Speak truth to power ". ആ ധർമ്മം നഷ്ടമായാൽ സർവകലാശാലകളുടെ സ്വത്വം നശിച്ചു . ആ സ്വത്വം ഉയർത്തിപ്പിടിച്ച കേരളത്തിലെ അപൂർവം വിസിമാരിൽ ഒരാളായിരുന്നു ടി.കെ .
ആരോട് ചോദിച്ചിട്ടാണ് ശമ്പളം പരിഷ്കരിച്ചത് എന്ന്, തന്റെ ചേംബറിൽ വന്ന് ഗർജ്ജിച്ച ഫൈനാൻസ് സെക്രട്ടറിയോട് 'പറയാനുള്ളത് സിൻഡിക്കേറ്റിൽ പറഞ്ഞാൽ മതിയെന്നും താങ്കളുടെ കീഴ്ജീവനക്കാരനല്ല വിസിയെന്നും' സൗമ്യമായി പറയാൻ അദ്ദേഹത്തിന് പ്രയാസമുണ്ടായില്ല. ആ അർത്ഥത്തിൽ സർവകലാശാല സ്വാതന്ത്ര്യങ്ങളുടെയും സ്വയംഭരണത്തിന്റെയും എക്കാലത്തെയും ദീപസ്തംഭമായിരുന്നു ടി. കെ. ധീരതയ്ക്കും നേതൃത്വത്തിനും സർവകലാശാലാ സമൂഹമാകെ നമസ്കരിക്കേണ്ട പ്രതിഭയെയാണ് മരണം കവർന്നെടുത്തത്.
(അഭിപ്രായം വ്യക്തിപരം)