india

പഞ്ചാബ്: സംഘർഷ സാധ്യതകൾ നിലനിൽക്കുന്ന രാജ്യാതിർത്തിയിൽ ഇന്ന് സന്തോഷകരമായ വാർത്തയായിരുന്നു. പരസ്പരം മധുരങ്ങൾ കൈമാറിയാണ് ഇത്തവണ അതിർ‌ത്തിയിൽ ദീപാവലി ആഘോഷിച്ചത്. ബി.എസ്.എഫ് ജവാൻമാരും പാക് സൈന്യത്തിലെ ഉദ്യോഗസ്ഥരുമാണ് അത്താരി-വാഗാ അതിർത്തിയിൽ ദീപാവലി മധുരങ്ങൾ പരസ്പരം കൈമാറിയത്. ഇരു രാജ്യങ്ങളിലെയും ബന്ധങ്ങൾ ദൃഢമാക്കുവാനാണ് ഇത്തരം ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.

രാജ്യങ്ങളിലെ ദേശീയ സാംസ്കാരിക ആഘോഷ വേളയിൽ ഇത്തരത്തിൽ മധുരം കൈമാറുന്ന പതിവുകൾ മുൻപുമുണ്ടായിരുന്നു. റിപ്പബ്ലിക്ക് ദിനം,​ സ്വാതന്ത്ര്യദിനം,​ ഈദ്,​ ദീപാവലി പോലുള്ള ദിവസങ്ങളിൽ അതിർത്തിയിൽ മധുരം കൈമാറാറുണ്ട്. എന്നാൽ ഇത്തവണ അതി‌ർത്തിയിലുണ്ടായ നുഴഞ്ഞുകയറ്റവും വെടിവെയ്പ്പും കാരണം സ്വാതന്ത്ര്യ ദിനത്തിൽ ഈ ചടങ്ങുകൾ ഉണ്ടായിരുന്നില്ല. 2016ലെ ഉറി അക്രമണത്തെ തുടർന്ന് ഇത്തരം പരിപാടികൾക്ക് വിരാമമായിരുന്നു.