k-sudhakaraan

തിരുവനന്തപുരം: താൻ ബി.ജെ.പിയിലേക്ക് പോകാനൊരുങ്ങുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് ശക്തമായ മറുപടിയുമായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ രംഗത്തെത്തി. മുഖ്യമന്ത്രി അപ്പനില്ലാത്ത വർത്തമാനം പറയരുതെന്നായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷപ്രതികരണം. എന്നാൽ തന്നെ ബി.ജെ.പിയിലേക്ക് ക്ഷണിക്കാൻ ആർ.എസ്.എസ് നേതാക്കൾ വന്ന് കണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് കണ്ണൂരിലെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് ബി.ജെ.പിയിലേക്ക് പോകാൻ തയ്യാറായി നിൽക്കുകയാണെന്ന ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചത്.

ബി.ജെ.പിയിലേക്ക് ക്ഷണിക്കാനായി ആർ.എസ്.എസ് നേതാക്കൾ തന്നെ വന്ന് കണ്ടിരുന്നു. ബി.ജെ.പിയിൽ ചേരാനുള്ള ഒരു ചിന്ത പോലും തനിക്കില്ല. രാഷ്ട്രീയ പ്രവർത്തനം നിറുത്തിയാലും കോൺഗ്രസിൽ നിന്നും വേറൊരിടത്തും പോകില്ലെന്നും കെ.സുധാകരൻ കണ്ണൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി ആഭാസത്തരം വിളിച്ചു പറയുകയാണ്. അമ്പലം പൊളിച്ച് വോട്ടുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ശബരിമല വിഷയത്തിൽ ആർ.എസ്.എസും ബി.ജെ.പിയും കാപട്യം കാണിക്കുകയാണെന്നും സുധാകരൻ ആരോപിച്ചു. സുപ്രീം കോടതി വിധിക്കെതിരെ നിയമനിർമാണം നടത്താൻ അവസരമുണ്ടായിരിക്കെ അങ്ങനെ പറ്റില്ലെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പറയുന്നത്. ശ്രീധരൻപിള്ളയെപ്പോലെയുള്ള വലിയ മനുഷ്യർ ഇങ്ങനെ നുണ പറയരുതെന്നും, ബി.ജെ.പി നിയമനിർമാണം നടത്താൻ ശ്രമിച്ചില്ലെന്നും കെ.സുധാകരൻ പറഞ്ഞു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് നൽകിയവരെല്ലാം ആർ.എസ്.എസ് ബന്ധമുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു,.