ശബരിമലയിൽ വിശ്വാസികളെ കെണിയിൽ വീഴ്തി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളെന്ന് എം.ബി.രാജേഷ് എം.പി ആരോപിച്ചു. ആചാരത്തിന്റെ പേര് പറഞ്ഞ് സമരത്തിനിറങ്ങുന്നവർ ആർ.എസ്.എസ്.നേതാവ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയതിലൂടെ ആചാരം ആർ.എസ്.എസ്.കാരന് പുല്ലാണെന്ന് തെളിയിക്കുകയാണ്. ശ'ഇത് നമുക്കൊരു സുവർണ്ണാവസരമാണ്' എന്ന ശ്രീധരൻ പിള്ളയുടെ ആർത്തിപൂണ്ട വാക്കുകളിൽ ആർക്കെങ്കിലും ഭക്തിയും വിശ്വാസവും ദർശിക്കാനാവുമോ എന്നും അദ്ദേഹം ചോദിക്കുന്നു. ഒരു വ്യാഴവട്ടം കോടതിയിൽ കേസ് നടന്നപ്പോഴൊന്നും വിശ്വാസവും ആചാരവും രക്ഷിക്കാൻ തിരിഞ്ഞു നോക്കാതെ വിധി വന്നപ്പോൾ ആദ്യം സ്വാഗതം ചെയ്ത് ഇരുപത്തിനാല് മണിക്കൂറിനകം മലക്കം മറിഞ്ഞ് അയ്യപ്പസന്നിധി ശരണം വിളികൾക്ക് പകരം തെറിവിളികളാൽ മലിനമാക്കിയവർ കെണിയൊരുക്കി ഇറങ്ങിയിരിക്കുകയാണെന്നും കോൺഗ്രസിൽ നിന്നും അണികൾ പരിവാറിന്റെ പിന്നിൽ ബാഗ് പൈപ്പറിന്റെ പിന്നാലെയെന്നോണം അനുഗമിച്ച് സ്വന്തം നേതാവിനെ തള്ളി സംഘപരിവാറിന്റെ പിണിയാളുകളായി മാറുകയാണെന്നും എം.ബി.രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. ഇത് കേരളമാണെന്ന പാഠം സംഘപരിവാറിന് പഠിപ്പിച്ചു കൊടുക്കണം. അവരുടെ കയ്യിലുള്ള ഒരു അളവുകോലു കൊണ്ടും അളക്കാവുന്നതിനപ്പുറമാണ് കേരളത്തിന്റെ ഔന്നത്യമെന്ന് മനസിലാക്കിക്കൊടുക്കാനുള്ള അവസരമാണിതെന്നും നാടിനെയും വിശ്വാസത്തെത്തന്നെയും രക്ഷിക്കാൻ ഇത് അതാവശ്യമാണെന്നും എം.ബി.രാജേഷ് കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കാരണവർക്ക് അടുപ്പിലുമാകാം എന്നൊരു ചൊല്ലുണ്ടല്ലോ.ആർ.എസ്.എസ്.നേതാവ്ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി നിരങ്ങിയത് ഈ ചൊല്ലിനെ ഓർമ്മിപ്പിക്കുന്നു. ആചാരം ആർ.എസ്.എസ്.കാരന് പുല്ലാണ്.ഒരു (കു)തന്ത്രിയും നടയടച്ചില്ല. ശബരിമലയെ തങ്ങളുടെ അശ്ലീല രാഷ്ട്രീയത്തിന്റെ വേദിയാക്കി സംഘപരിവാർ മാറ്റുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. "ഇത് നമുക്കൊരു സുവർണ്ണാവസരമാണ്" എന്ന ശ്രീധരൻ പിള്ളയുടെ ആർത്തിപൂണ്ട വാക്കുകളിൽ ആർക്കെങ്കിലും ഭക്തിയും വിശ്വാസവും ദർശിക്കാനാവുമോ? അധികാരക്കൊതി മൂത്ത ഈ വാക്കുകൾക്ക് പിന്നിലുള്ളത് ചോരമണക്കുന്ന ഒരു ചെന്നായയുടെ വെള്ളമൂറുന്ന നാക്കാണെന്ന് ഏത് കൊച്ചു കുട്ടിക്കും തോന്നിപ്പോകും. "ഇതുവരെ എല്ലാവരും നമ്മുടെ കെണിയിൽ വീണു" എന്ന വീരവാദത്തിൽ വിശ്വാസമല്ല, കെണിയൊരുക്കി വിശ്വാസികളെ വീഴ്ത്തിയ സൃഗാല ബുദ്ധിയാണെന്ന് ആർക്കാണറിയാത്തത്? പിള്ളയും പരിവാറുമൊരുക്കിയ ഈ കെണിയിലേക്ക് കൊടിയും ചുരുട്ടി അണികളെയും തെളിച്ചു കൊണ്ടുപോയി ചാടിച്ചവരാണ് ചെന്നിത്തല-മുല്ലപ്പള്ളിമാർ.ഒരു വ്യാഴവട്ടം കോടതിയിൽ കേസ് നടന്നപ്പോഴൊന്നും വിശ്വാസവും ആചാരവും രക്ഷിക്കാൻ തിരിഞ്ഞു നോക്കാത്തവർ, വിധി വന്നപ്പോൾ ആദ്യം സ്വാഗതം ചെയ്തവർ, ഇരുപത്തിനാല് മണിക്കൂറിനകം മലക്കം മറിഞ്ഞ് തെരുവിലിറങ്ങിയവർ, റിവ്യൂ പെറ്റീഷനുമായി കോടതിയിൽ പോകാതെ കല്ലു നിറച്ച ഇരുമുടിക്കെട്ടുമായി കള്ളസ്വാമികളായ ക്രിമിനലുകളുമായി പമ്പയിലേക്ക് പോയവർ, അയ്യപ്പസന്നിധി ശരണം വിളികൾക്ക് പകരം തെറിവിളികളാൽ മലിനമാക്കിയവർ, പ്രായം ചെന്നവരുൾപ്പെടെ കണ്ണിൽ കണ്ട സ്ത്രീകൾക്കു മേലെല്ലാം കൈ വച്ച് കലിതുള്ളിയവർ, നാമജപമെന്ന വ്യാജേന തെരുവുകൾ തോറും തെറിപ്പാട്ടു ഘോഷയാത്ര നടത്തിയവർ, ഇരപിടിക്കാനുള്ള കെണിയിൽ ഒരു പാവം മനുഷ്യന്റെ മൃതദേഹം പോലും കരുവാക്കിയ ഹൃദയശൂന്യർ, മൂത്രമൊഴിച്ചും ചോര വീഴ്ത്തിയും സന്നിധാനം അശുദ്ധമാക്കാൻ കോപ്പുകൂട്ടിയ ദൈവനിഷേധികൾ,നടയടച്ചിട്ട് അയ്യപ്പസന്നിധി കലാപകേന്ദ്രമാക്കാനുള്ള കുതന്ത്രം തന്ത്രിക്ക് ഉപദേശിച്ചു കൊടുത്ത കുബുദ്ധികൾ...... അവർ ശബരിമലയെ വച്ച് തയ്യാറാക്കിയിരിക്കുന്ന കലാപ പദ്ധതികളാണ് ഇപ്പോൾ വെളിച്ചത്തായിരിക്കുന്നത്.
തങ്ങളുടെ കെണിയിൽ ഓരോരുത്തരായി വീണുവെന്ന അഹന്തക്ക് മുഖമടച്ചൊരു മറുപടി കൊടുക്കേണ്ട സന്ദർഭമാണിത്. രണ്ടിലൊരു രാഹുലിനെ നേതാവായി തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കിട്ടിയപ്പോൾ മൂത്രമൊഴിക്കൽ- ചോര വീഴ്ത്തൽ പ്ലാനുകളുടെ ഉപജ്ഞാതാവായ രാഹുലിന്റെ രാഷ്ട്രീയം ഓപ്റ്റ് ചെയ്ത രാമൻ നായർ മുതൽ പാലക്കാട് നഗരസഭ കൗൺസിലർ ശരവണൻ വരെയുള്ളവർ ആ കെണിയിൽ വീണവരാണെന്ന് മറക്കരുത്. അതിനുത്തരവാദികൾ ചെന്നിത്തല-മുല്ലപ്പള്ളിമാർ നയിക്കുന്ന കെ.പി.സി.സി. ( ബി ) യാണ്. ആദ്യം സ്വന്തം കൊടി ചുരുട്ടി പിള്ളയും പരിവാറും നയിച്ച ഘോഷയാത്രയുടെ പിന്നാലെ കൂടി.അണികൾ പരിവാറിന്റെ പിന്നിൽ ബാഗ് പൈപ്പറിന്റെ പിന്നാലെയെന്നോണം അനുഗമിച്ചു.പിന്നെ അവർ സ്വന്തം നേതാവിനെ തള്ളി സംഘപരിവാറിന്റെ പിണിയാളുകളായി. ആദ്യം കൊടിയും പിന്നെ നേതാവിനെയും കയ്യൊഴിഞ്ഞ ആൾക്കൂട്ടമായി കേരളത്തിലെ കോൺഗ്രസിനെ മാറ്റി. അവശേഷിക്കുന്ന കോൺഗ്രസ്സുകാർക്ക് കോൺഗ്രസ്സായി തന്നെ നിൽക്കാൻ കരുത്തുണ്ടാവട്ടെ എന്നാശംസിക്കാം. ഇവിടെ കെണിവച്ചിരിക്കുന്നത് ശബരിമലയുടെ പേരിലാണെങ്കിൽ ഉത്തരേന്ത്യയിൽ രാമക്ഷേത്രമെന്ന പഴയ കെണി തെരഞ്ഞെടുപ്പടുത്തതോടെ പുനരുജ്ജീവിപ്പിച്ചിരിക്കുന്നു. ഇവിടെ തന്ത്രിയെ മുൻനിർത്തിയാണ് കളിയെങ്കിൽ അവിടെ സന്യാസി വേഷധാരികളെയാണിറക്കിയിരിക്കുന്നത്. സന്യാസ വേഷക്കാർ സമ്മേളിച്ച് രാമക്ഷേത്രം ഉടനുണ്ടാക്കണമെന്നും മോദിയെ വീണ്ടും അധികാരത്തിലേറ്റണമെന്നും പറഞ്ഞിരിക്കുന്നു. അയോദ്ധ്യയിൽ നിന്നും ശബരിമലയിലേക്കുള്ള ചോര വീണ പാതയിലൂടെ വോട്ടും സീറ്റും അധികാരവും ഉറപ്പിക്കുക മാത്രമാണിവരുടെ ലക്ഷ്യം. കേരളത്തിന് തീ കൊടുക്കുകയാണിവർ.മോദിയുടെ ഗുജറാത്തിലും യോഗിയുടെ യു.പി.യിലും തീ കൊടുത്തത് പോലെ.എന്നാൽ ഇത് കേരളമാണെന്ന പാഠം സംഘപരിവാറിന് പഠിപ്പിച്ചു കൊടുക്കണം. അവരുടെ കയ്യിലുള്ള ഒരു അളവുകോലു കൊണ്ടും അളക്കാവുന്നതിനപ്പുറമാണ് കേരളത്തിന്റെ ഔന്നത്യമെന്ന് മനസിലാക്കിക്കൊടുക്കണം. ഒരു നുണ പൊളിയുമ്പോൾ നാണമില്ലാതെ അടുത്തതുമായി വരുന്ന വഞ്ചകപ്പരിഷകളെ ശബരിമലയിൽ നിന്നും വിശ്വാസത്തിന്റെ വിശുദ്ധമായ എല്ലായിടങ്ങളിൽ നിന്നും തുരത്തണം. നാടിനെയും വിശ്വാസത്തെത്തന്നെയും രക്ഷിക്കാൻ അതാവശ്യമാണ്.