ന്യൂയോർക്ക്: ലോകം ഉറ്റുനോക്കിയ അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വൻ തിരിച്ചടി നൽകി കോൺഗ്രസിന്റെ അധോസഭയായ പ്രതിനിധിസഭയിൽ ( ഹൗസ് ഒഫ് റെപ്രസന്റേറ്റീവ്‌സ്) ഡെമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷം പിടിച്ചടക്കി. ഉപരിസഭയായ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നിലനിറുത്തിയതിനാൽ ഇംപീച്ച്മെന്റ് നടപടികളിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടു.
വോട്ടെണ്ണൽ അവസാന ഘട്ടത്തിലെത്തുമ്പോൾ 435 അംഗ പ്രതിനിധിസഭയിൽ ഡെമോക്രാറ്റിക് പാർട്ടി 222 സീറ്റ് നേടിയിട്ടുണ്ട്. കേവലഭൂരിപക്ഷത്തിന് 218 സീറ്റ് മതി. 14 സീറ്റിലെ ഫലം പ്രഖ്യാപിക്കാനുണ്ട്. റിപ്പബ്ളിക്കൻ പാർട്ടി 199 സീറ്റാണ് നേടിയത്.
100 സീറ്റുള്ള സെനറ്റിലെ 35 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നേരത്തെ 51 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ടായിരുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് ഈ അംഗബലം തുടരാനായി. 45 സീറ്റുകളാണ് ഡെമോക്രാറ്റിക് പാർട്ടിക്ക്. തിരഞ്ഞെടുപ്പ് നടന്ന 35 സീറ്റുകളിൽ 26 എണ്ണവും ഡെമോക്രാറ്റുകളുടെ ഒഴിവുകളായിരുന്നു
എട്ട് വർഷത്തിന് ശേഷമാണ് ഡെമോക്രാറ്റുകൾ പ്രതിനിധിസഭയിൽ ഭൂരിപക്ഷം നേടുന്നത്. ഇതോടെ ട്രംപിന്റെ ഭരണത്തെ നിയന്ത്രിക്കാനുള്ള കടിഞ്ഞാൺ ഡെമോക്രാറ്റിക് പാർട്ടി കൈയിലെടുത്തിരിക്കയാണ്. എട്ട് വർഷം മുൻപ് സ്പീക്കർ സ്ഥാനം നഷ്ടമായ ഡെമോക്രാറ്റിക് പാർട്ടിയുടെ നാൻസി പെലോസി ( കാലിഫോർണിയ ) വീണ്ടും സ്പീക്കറാകാനും ഇതോടെ വഴി തെളിഞ്ഞു. സഭയിൽ ഡെമോക്രാറ്റിക് പാർട്ടി ആധിപത്യം നേടിയതോടെ ട്രംപ് ഭരണകൂടത്തിന്റെ ഏകപക്ഷീയമായ ഭരണ നടപടികളും നിയമനിർമ്മാണങ്ങളും എളുപ്പമാവില്ല. ചുരുക്കത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഏകകക്ഷി ഭരണത്തിന് നിയന്ത്രണങ്ങൾ വരും.
ട്രംപിന്റെ വംശീയ, കുടിയേറ്റ വിരുദ്ധ നിലപാടുകൾ കത്തിനിന്ന പ്രചാരണം റിപ്പബ്ലിക്കൻ ഭരണത്തിനെതിരായ വികാരം ശക്തമാക്കിയതിന്റെ തെളിവാണ് ഫലമെന്നാണ് വിലയിരുത്തുന്നത്.
36 സംസ്ഥാനങ്ങളിലെ ഗവർണർ തിരഞ്ഞെടുപ്പിൽ 25 എണ്ണം റിപ്പബ്ളിക്കൻ പാർട്ടിയും 11എണ്ണം ഡെമോക്രാറ്റിക് പാർട്ടിയും നേടി.
വനിതാ മുന്നേറ്റം
96 വനിതകൾ പ്രതിനിധിസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ 31പുതുമുഖങ്ങളാണ്. രണ്ട് പുതുമുഖങ്ങൾ ഉൾപ്പെടെ11 വനിതകളാണ് സെനറ്റിലേക്ക് വിജയിച്ചത്. ചരിത്രത്തിലാദ്യമായി രണ്ട് മുസ്ലിം വനിതകൾ പ്രതിനിധിസഭയിൽ - ഡെമോക്രാറ്റിക് പാർട്ടിയുടെ ഇൽഹാൻ ഉമർ (37), റാഷീദ താലിബ് (42). റാഷിദ മിഷിഗണിലും ഇൽഹാൻ മിനസോട്ടയിലുമാണ് മത്സരിച്ചത്.രാജ്യത്ത് ശക്തമായ മുസ്ലിം വിരുദ്ധത അലയടിക്കുമ്പോൾ ഈ ജയം ഏറെ പ്രസക്തമാണ്.
ഡെട്രോയിറ്റിലായിരുന്നു റാഷിദയുടെ ജനനം. മാതാപിതാക്കൾ പാലസ്തീൻ അഭയാർത്ഥികളായിരുന്നു. സൊമാലിയയിലെ ആഭ്യന്തരയുദ്ധത്തെ തുടർന്ന് പതിനാലാം വയസിൽ കുടുംബത്തോടൊപ്പം അമേരിക്കയിൽ കുടിയേറിയതാണ് ഇൽഹാൻ.
ലാറ്റിന വംശജയായ അലക്‌സാൻഡ്രിയ ഒക്കേഷ്യോ കോർട്ടെസ് (29) കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗം.
ഡെമോക്രാറ്റിക് പാർട്ടിയുടെ ഷാരിസ് ഡേവിസ് (38), ഡെബ് ഹാലൻഡ് (57) എന്നിവർ സഭയിൽ എത്തുന്ന ആദ്യത്തെ തദ്ദേശീയ അമേരിക്കൻ വനിതകളായി.
സൗത്ത് ഡെക്കോട്ട സംസ്ഥാനത്തിന് ആദ്യമായി വനിതാഗവർണർ- റിപ്പബ്ലിക്കൻ പാർട്ടിയുടെ ക്രിസ്റ്റി നൊയിം.
ആദ്യ സ്വവർഗാനുരാഗി ഗവർണർ
സ്വവർഗാനുരാഗിയെന്നു പരസ്യമായി പ്രഖ്യാപിച്ച ഡെമോക്രാറ്റിക് പാർട്ടിയിലെ ജാറേദ് പോളിസ് (43) രാജ്യത്തെ ആദ്യ സ്വവർഗാനുരാഗിയായ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. കൊളറാഡോയിൽ.
കടുത്ത മൽസരം നടന്ന ഫ്ളോറിഡയിൽ ഡെമോക്രാറ്റിക് പാർട്ടിക്കു തിരിച്ചടി. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഗവർണർ സ്ഥാനാർത്ഥി റോൺ ഡിസാന്റിസ് വിജയിച്ചു.
ഇന്ത്യാനയിൽ പ്രതിനിധി സഭയിലേക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ സഹോദരൻ റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി ഗ്രെഗ് പെൻസ് ജയിച്ചു.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രമായ ടെക്സസിൽ ടെഡ് ക്രൂസ് സെനറ്റ് സീറ്റ് നിലനിർത്തി.