modi
MODI

ഉത്തരകാശി: ഇന്ത്യ - ചൈന അതിർത്തിയിൽ ഹർസിലെ കന്റോൺമെന്റ് ഏരിയയിൽ സൈനികർക്കും ഇന്തോ - ടിബറ്റൻ ബോർഡർ പൊലീസ് അംഗങ്ങൾക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ആഘോഷിച്ചു.

സമുദ്രനിരപ്പിൽ നിന്നു 7,860 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹർസിലിൽ ഒറ്റപ്പെട്ട മഞ്ഞുമലകളിൽ ജോലിചെയ്യുന്ന സൈന്യത്തിന്റെ ആത്മാർത്ഥത രാജ്യത്തിന്റെ കരുത്ത് കൂട്ടുകയാണെന്ന് മോദി പറഞ്ഞു. ജവാന്മാർക്ക് അദ്ദേഹം മധുരവും നൽകി. കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തും പങ്കെടുത്തു.

ദീപാവലി വെളിച്ചത്തിന്റെ ഉത്സവമാണ്. ആ വെളിച്ചം നന്മ പടർത്തുകയും ഭീതിയെ അകറ്റുകയും ചെയ്യും. സമാനമായ പ്രവർത്തനമാണ് സൈനികരും നിർവഹിക്കുന്നതെന്നും മോദി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ സൈനികർ നടത്തുന്ന പ്രവർത്തനങ്ങൾ ആഗോള പ്രശംസ നേടിയിട്ടുണ്ട്. തുടർന്ന് കേദാർനാഥ് ക്ഷേത്രത്തിലും ദർശനം നടത്തി. 2013 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാശനഷ്ടം നേരിട്ട ക്ഷേത്രത്തിലെ പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തിയ ശേഷമാണ് മോദി മടങ്ങിയത്.