പത്തനംതിട്ട: കഴിഞ്ഞ ദിവസം ശബരിമലയിൽ ദർശനത്തിനെത്തിയ സ്ത്രീകളെ പ്രായവ്യത്യാസം ആരോപിച്ച് ആക്രമിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. പത്തനംതിട്ട ഇലന്തൂർ സ്വദേശി സൂരജാണ് പിടിയിലായത്. വധശ്രമം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഏതാണ്ട് 150ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിലെ ഒന്നാം പ്രതിയാണ് സൂരജ്. മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ ദർശനത്തിനെത്തിയ സ്ത്രീകൾക്ക് നേരെയാണ് ഒരു സംഘം തടഞ്ഞ് വച്ച് ആക്രമിച്ചത്. കൈക്കുഞ്ഞിനൊപ്പം ചോറൂണിനെത്തിയ സംഘത്തിലെ വീട്ടമ്മയുടെ പ്രായത്തെ ചൊല്ലിയുണ്ടായ ബഹളമാണ് സന്നിധാനത്തെ ഒരു മണിക്കൂറോളം സംഘർഷഭൂമിയാക്കിയത്. സംഘപരിവാർ പ്രവർത്തകരാണ് പൊലീസിനും മാദ്ധ്യമപ്രവർത്തകർക്കും നേരെ അക്രമം അഴിച്ചുവിട്ടത്. ദർശനത്തിന് എത്തിയ തൃശൂർ മുളങ്കുന്നത്തുകാവ് തടപ്പറമ്പ് വടക്കോട്ട് ഹൗസിൽ ലളിത (52), സഹോദരീ പുത്രൻ മൃദുൽ (23) എന്നിവർക്ക് മർദ്ദനമേറ്റു. പ്രതിഷേധം പകർത്തിയ മാദ്ധ്യമ പ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.