മുംബയ്: കരുതൽ ധനശേഖരത്തിൽ കൈയിടാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ രാജിവച്ചേക്കും. ഈമാസം 19ന് റിസർവ് ബാങ്കിന്റെ ഡയറക്‌ടർ ബോർഡ് യോഗം ചേരുന്നുണ്ട്. രാജി പ്രഖ്യാപനം അന്നുണ്ടായേക്കും. ഉർജിത് പട്ടേൽ തന്നെയാണ് യോഗം വിളിച്ചിരിക്കുന്നത്. 2019 ഒക്‌ടോബർ വരെ കാലാവധി ബാക്കിനിൽക്കേയാണ് ഉർജിത് രാജിക്കൊരുങ്ങുന്നത്.
പലിശനിരക്ക് നിർണയരീതി ഉൾപ്പെടെ റിസർവ് ബാങ്കിന്റെ പലനടപടികളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രാലയത്തിനും കടുത്ത അതൃപ്‌തിയുണ്ട്. റിസർവ് ബാങ്കിന്റെ 9.6 ലക്ഷം കോടി രൂപവരുന്ന കരുതൽ ധനശേഖരത്തിൽ നിന്ന് 3.6 ലക്ഷം കോടി രൂപ നൽകണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതോടെ പോര് മൂർച്‌ഛിച്ചു. എൻ.ബി.എഫ്.സി., ബാങ്കുകൾ എന്നിവയിലെ മൂലധന പ്രതിസന്ധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ബി.ഐ ആക്‌ട് സെക്‌ഷൻ ഏഴ് പ്രകാരം റിസർവ് ബാങ്ക് ഗവർണർക്ക് കേന്ദ്രസർക്കാർ കത്തുകളയയ്ച്ചതും പ്രശ്‌നം വഷളാക്കി.
കേന്ദ്രസർക്കാരിന്റെ ഇടപെടൽ റിസർവ് ബാങ്കിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് ഗവർണർ ഉർജിത് പട്ടേലും ഡെപ്യൂട്ടി ഗവർണർ വിരാൽ വി. ആചാര്യയും വിമർശിച്ചിരുന്നു. യു.പി.എ ഭരണകാലയളവിൽ റിസർവ് ബാങ്കെടുത്ത യുക്തിരഹിത ധനനയമാണ് ബാങ്കുകളിൽ കിട്ടാക്കടം നിറയാൻ കാരണമെന്ന ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലിയുടെ അഭിപ്രായവും ഉർജിത് പട്ടേലിനെ അസ്വസ്‌ഥനാക്കിയിട്ടുണ്ട്. ഇതിനിടെ, റിസർവ് ബാങ്കിന്റെ സ്വയംഭരണാധികാരത്തെ മാനിക്കുന്നുവെന്ന് കാട്ടി ജയ്‌റ്ര്‌ലി വിശദീകരണ കുറിപ്പിറക്കിയെങ്കിലും മഞ്ഞുരുകിയിട്ടില്ല.
കുലുങ്ങാതെ കേന്ദ്രം;
കടുംപിടിത്തം തുടരും
റിസർവ് ബാങ്കിന്റെ മൊത്തം ആസ്‌തിയുടെ 28 ശതമാനമാണ് കരുതൽ ധനശേഖരം. ഇതിന്റെ അളവ് കുറച്ച്, ബാക്കിപ്പണം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ മികവിനായി ചെലവഴിക്കണമെന്നാണ് സർക്കാരിന്റെ വാദം. ധനക്കമ്മി കുറയ്‌ക്കാനും പൊതുമേഖലാ ബാങ്കുകൾക്ക് മൂലധന സഹായം ലഭ്യമാക്കാനും ഈ പണം ഉപയോഗിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനോടാണ് റിസർവ് ബാങ്കിന് എതിർപ്പുള്ളത്. ഉർജിത് പട്ടേലിൽ നിന്ന് രാജിസമ്മർദ്ദം ഉണ്ടായാലും പിന്മാറേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ.
സമ്പദ്‌രംഗം
അനിശ്‌ചിതത്വത്തിലേക്ക്
ഉർജിത് പട്ടേൽ രാജിവച്ചാൽ, അത് നരേന്ദ്ര മോദി സർക്കാരിനും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാകും. കേന്ദ്രസർക്കാരും കേന്ദ്രബാങ്കും തമ്മിലെ പോര്, ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നതിന് തടസമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കേ, രാഷ്‌ട്രീയമായും ഉർജിതിന്റെ രാജി സർക്കാരിനെ വലയ്‌ക്കും.