pinarayi

ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിലെ പ്രധാന ഏടായ വാഗൺ ട്രാജഡി ചിത്രീകരിച്ചിരിക്കുന്ന ചുമർ ചിത്രം തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും മാറ്റിയതിനെതിരെ രൂക്ഷവിമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സ്വാതന്ത്ര്യസമരചരിത്രത്തെ തന്നെ അവഹേളിക്കുന്ന നടപടി കൈകൊണ്ട റെയിൽ അധികൃതർ സംഘപരിവാർ ഗ്രൂപ്പുകളുടെ അജണ്ട നടപ്പാക്കുകയാണ് ചെയ്‌തതെന്ന് പിണറായി ആരോപിച്ചു.

തന്റെ ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി കടുത്ത വിമർശം ഉന്നയിച്ചിരിക്കുന്നത്. 'വാഗൺ ട്രാജഡി ചിത്രം സംഘപരിവാറിനെ ഇത്രയും വിറളിപിടിപ്പിക്കുന്നതു എന്തുകൊണ്ടാണെന്ന് നാം തിരിച്ചറിയണം. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണാധികാരം ഉപയോഗിച്ച് ഇന്ത്യയുടെ ചരിത്രം വികൃതമായി മാറ്റിയെഴുതാൻ ആർ.എസ്.എസ്. നടത്തുന്ന ശ്രമങ്ങൾ നമുക്കറിയുന്നതാണ്. ഇപ്പോൾ സ്വാതന്ത്ര്യസമരം എന്ന് കേൾക്കുന്നതു തന്നെ ഇക്കൂട്ടർക്ക് അലർജിയായി മാറിയിരിക്കുന്നു' -മുഖ്യമന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാന ഏടായ വാഗൺ ട്രാജഡി ചിത്രീകരിക്കുന്ന ചുമർ ചിത്രം തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് നീക്കിയ നടപടി അത്യന്തം ഹീനമാണ്. നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തെ അവഹേളിക്കലാണിത്. ദേശാഭിമാനികളും ജനാധിപത്യവിശ്വാസികളുമായ ജനങ്ങൾ ഇതിനെതിരെ പ്രതിഷേധമുയർത്തണം.

റെയിൽവെ സ്റ്റേഷനുകൾ ഭംഗിയാക്കാൻ ഇന്ത്യൻ റെയിൽവെ ദേശീയതലത്തിൽ നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമായാണ് ചരിത്രസംഭവങ്ങളും സാംസ്‌കാരിക മുന്നേറ്റങ്ങളും അടയാളപ്പെടുത്താനുളള തീരുമാനമുണ്ടായത്. ദേശീയമായും പ്രാദേശികമായും പ്രാധാന്യമുളള ചരിത്ര സംഭവമെന്ന നിലയിൽ തിരൂർ റെയിൽവെ സ്റ്റേഷനിൽ വാഗൺ ട്രാജഡിയുടെ ചുവർ ചിത്രവും ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ചിത്രവും വരച്ചിരുന്നു. എന്നാൽ ചില സംഘപരിവാർ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ തുടർന്ന് ചിത്രം നീക്കാൻ റെയിൽവെയുടെ ഉന്നത അധികാരികൾ തീരുമാനിക്കുകയാണുണ്ടായത്.

വാഗൺ ട്രാജഡി ചിത്രം സംഘപരിവാറിനെ ഇത്രയും വിറളിപിടിപ്പിക്കുന്നതു എന്തുകൊണ്ടാണെന്ന് നാം തിരിച്ചറിയണം. ബ്രിട്ടീഷുകാർക്കെതിരെ 1921ൽ നടന്ന മലബാർ കലാപത്തിൽ പങ്കെടുത്ത നൂറോളം പേരെ തടവുകാരായി പിടിച്ചശേഷം ഗൂഡ്‌സ് വാഗണിൽ കുത്തിനിറച്ച് കോയമ്പത്തൂരിലെ പോത്തന്നൂർ ജയിലിലേക്ക് കൊണ്ടുപോവുകയാണുണ്ടായത്. പോത്തന്നൂരിൽ എത്തിയപ്പോൾ ജയിലിൽ സ്ഥലമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. അടച്ചുമൂടിയ വാഗണിൽ ശ്വാസം കിട്ടാതെ 67 പേരാണ് മരിച്ചത്. ബ്രിട്ടീഷുകാർക്കെതിരെ ദേശീയതലത്തിൽ വലിയ പ്രതിഷേധമുയർത്തിയ സംഭവമായിരുന്നു ജാലിയൻ വാലാബാഗിനെ അനുസ്മരിപ്പിക്കുന്ന വാഗൺ ട്രാജഡി.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണാധികാരം ഉപയോഗിച്ച് ഇന്ത്യയുടെ ചരിത്രം വികൃതമായി മാറ്റിയെഴുതാൻ ആർ.എസ്.എസ്. നടത്തുന്ന ശ്രമങ്ങൾ നമുക്കറിയുന്നതാണ്. ഇപ്പോൾ സ്വാതന്ത്ര്യസമരം എന്ന് കേൾക്കുന്നതു തന്നെ ഇക്കൂട്ടർക്ക് അലർജിയായി മാറിയിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്.എസ്സിന് ഒരു പങ്കുമില്ലെന്നത് ചരിത്ര സത്യമാണ്. സന്ദർഭം കിട്ടിയപ്പോഴെല്ലാം ബ്രിട്ടീഷുക്കാർക്കു വേണ്ടി വിടുവേല ചെയ്ത പാരമ്പര്യമാണ് ആർ.എസ്.എസ്സിനുളളത്.

ഇത്തരം ആളുകൾ ദേശീയ സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവർണ ഏടുകൾ ഓർക്കാൻ തന്നെ ഭയപ്പെടുന്നതിൽ അത്ഭുതമില്ല. എന്നാൽ ഇന്ത്യൻ റെയിൽവെ പോലുളള ഒരു പൊതുസ്ഥാപനം സംഘപരിവാറിന്റെ താൽപര്യത്തിന് വഴങ്ങി വാഗൺ ട്രാജഡി ചിത്രം മാറ്റാൻ തീരുമാനിച്ചത് ദേശവിരുദ്ധ നടപടിയായിട്ടേ കാണാൻ കഴിയൂ. ഈ നടപടി തിരുത്തണമെന്ന് റെയിൽവെയോട് ആവശ്യപ്പെട്ടിട്ടുണ്ട്'.