ആറ്റിങ്ങൽ: വിദ്യാർത്ഥിനിയെ കളിയാക്കിയ സ്വകാര്യബസ് കണ്ടക്ടറുടെ ലൈസൻസ് ആർ.ടി.ഒ റദ്ദാക്കി. കടയ്ക്കാവൂർ-ആറ്റിങ്ങൽ-കാരേറ്റ്-കാട്ടുംപുറം-കല്ലറ-തൊളിക്കുഴി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ വിനോദ് മഞ്ജുവിനാണ് ലൈസൻസ് പോയത്. വിദ്യാർത്ഥിനിയുടെ പരാതിയെത്തുടർന്ന് ആറ്റിങ്ങൽ ആർ.ടി.ഒ ആർ.മനോജ്കുമാർ ഉടൻ നടപടിയെടുക്കുകയായിരുന്നു. 15 ദിവസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. ഞായറാഴ്ച ഉച്ചയ്ക്ക് കടവിള ഇറങ്ങാൻ ആറ്റിങ്ങൽ സ്റ്റാൻഡിൽ നിന്ന് ബസിൽ കയറിയ വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ നിറുത്താതെ മൂന്നോട്ട് നീക്കിയാണ് നിറുത്തിയത്. ബസിൽ നിന്ന് കുട്ടി ഇറങ്ങുന്നതിനുമുൻപേ ബസ് മുന്നോട്ടെടുക്കാൻ കണ്ടക്ടർ ബെല്ലടിച്ചു. കുട്ടി ബസിൽ നിന്ന് വീഴുമെന്നു കണ്ട് കണ്ടക്ടർ വീണ്ടും നിറുത്താൻ ബെല്ലടിച്ചു. ബസ് കുറേക്കൂടി മുന്നോട്ടു പോയ ശേഷമാണ് നിറുത്തിയത്. ഇറങ്ങാൻ ശ്രമിച്ച വിദ്യാർത്ഥിനിയെ കണ്ടക്ടർ അസഭ്യമായി കളിയാക്കിയെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് നഗരൂർ പൊലീസിൽ കുട്ടി പരാതി നൽകി. ആറ്റിങ്ങലിലെ സ്വകാര്യ ബസുകളിലെ ജീവനക്കാരുടെ പ്രവൃത്തികൾ വീക്ഷിച്ചു വരികയാണെന്നും, പലരും യൂണിഫോം പോലും ധരിക്കാറില്ലെന്ന പരാതിയുണ്ടെന്നും, യൂണിഫോമും നെയിം ബോർഡു ധരിക്കാത്ത കണ്ടക്ടർക്കെതിരെ ശക്തമായ നടപടി അടുത്ത ദിവസംമുതൽ ഉണ്ടാകുമെന്നും ആർ.ടി.ഒ പറഞ്ഞു. കൂടാതെ വിദ്യാർത്ഥികൾക്ക് എസ്.ടി നൽകാതിരിക്കുന്നതും വിദ്യാർത്ഥികളെ ബസിൽ കയറ്റാതിരിക്കുന്നതും സ്റ്റോപ്പുകളിൽ നിറുത്താതിരിക്കുന്നതും അവരോട് അപമര്യാദയായി പെരുമാറുന്നതും സംബന്ധിച്ച് പരാതി ലഭിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആർ.ടി.ഒ അറിയിച്ചു.