thomas

ആലപ്പുഴ: 'തന്നോടൊന്ന് ഫോൺ ചെയ്യാനല്ലേ പറഞ്ഞത്. ഇങ്ങോട്ട് ഓടിവരാൻ ഞാൻ പറഞ്ഞില്ല'- ചാത്തനാട് കളത്തിപ്പറമ്പിൽ വീട്ടിലെത്തിയ മന്ത്രി തോമസ് ഐസക്കിനോട് ഗൃഹനാഥ കെ.ആർ. ഗൗരിഅമ്മയാണ് ശുണ്ഠി കാട്ടിയത്. അതിഥിയെങ്കിലും ആദ്യവരവ് അല്ലാത്തതിനാൽ 'സ്വീകരണ'രീതി അറിയാമായിരുന്ന മന്ത്രി പതിവ് പുഞ്ചിരിയോടെ കുഞ്ഞമ്മയുടെ അരികത്തിരുന്നു.

ഇന്നലെയാണ് മന്ത്രി തോമസ് ഐസക് ഗൗരിഅമ്മയുടെ വസതിയിലെത്തിയത്. തികച്ചും സൗഹൃദ സന്ദർശനം. കഴിഞ്ഞ ദിവസമാണ് ഗൗരിഅമ്മ സഹായി മുഖേന മന്ത്രിയെ വിളിച്ചതും തന്നെയൊന്ന് ഫോണിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ടതും. കേട്ടപാതി കേൾക്കാത്ത പാതി കുഞ്ഞമ്മ സമക്ഷം മന്ത്രി ഹാജരായപ്പോഴായിരുന്നു താൻ ആവശ്യപ്പെട്ട കാര്യവും മന്ത്രി നടത്തിയ 'ലംഘന'വും നേരിട്ടു ബോദ്ധ്യപ്പെടുത്തിക്കൊടുത്തത്.

'ഇനിയെന്താണ് അടുത്ത യോഗം?- ഗൗരിഅമ്മയുടെ ചോദ്യം. 'ശബരിമലയെ കുറിച്ചു ഡി.സിയിൽ പാർട്ടി പ്രാസംഗികർക്ക് ക്ലാസുണ്ട്'- ഐസക് പറഞ്ഞു. അത് കേട്ടപ്പോൾ പ്രതികരണം ഇങ്ങനെ : എന്നാല്‍ അധികം വൈകേണ്ട, താൻ വേഗം ചെല്ല്... കൂടുതൽ കുശലം പറഞ്ഞു നിന്നാലുള്ള 'ഭവിഷ്യത്തു' അറിയാമായിരുന്ന തോമസ് ഐസക് കുഞ്ഞമ്മയുടെ കരം ഗ്രഹിച്ച് യാത്ര പറഞ്ഞിറങ്ങി.