sabarimala-

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ തൃശൂർ സ്വദേശിനി ലളിതാ രവി (52)യെ തടഞ്ഞ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പത്തനംതിട്ട ഇലന്തൂർ സ്വദേശി സൂരജാണ് അറസ്റ്റിലായത്. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്‌. സംഭവത്തിൽ പൊലീസ് കണ്ടാലറിയാവുന്ന 200 പേർക്കെതിരെ കേസെടുത്തിരുന്നു. ഇതിൽ ആദ്യത്തെ അറസ്റ്റാണ് സൂരജിന്റേത്.

ലളിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇന്നലെ രാവിലെ ഏഴോടെ പേരക്കുട്ടിയുടെ ചോറൂണിനെത്തിയ സംഘത്തിലെ സ്ത്രീക്ക് അൻപത് വയസിൽ താഴെയാണ് പ്രായമെന്ന തെറ്റിദ്ധാരണ മൂലം ഭക്തർ ശരണം വിളിച്ച് വലിയനടപ്പന്തലിൽ തടഞ്ഞിരുന്നു. ഇതോടെയാണ് സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരുന്ന സംഘപരിവാർ പ്രവർത്തകർ ശരണം വിളിയുമായി ഓടിയെത്തി. സംഘത്തിലെ സ്ത്രീകളിൽ ഒരാളുടെ പ്രായത്തെ ചൊല്ലി ഉടലെടുത്ത ശരണം വിളി സന്നിധാനത്ത് ഒരുമണിക്കൂറോളം യുദ്ധസമാന സാഹചര്യമുണ്ടാക്കിയിരുന്നു.

മകൻ വിനീഷിന്റെ മകൾ വിനീതയുടെ (6 മാസം) ചോറൂണിന് 19 അംഗ സംഘത്തോടൊപ്പം എത്തിയതായിരുന്നു ലളിത. കുഞ്ഞിന്റെ അമ്മ നീതു പമ്പയിൽ തങ്ങിയശേഷം മറ്റുള്ളവരാണു മലകയറിയത്. സംഭവത്തിനിടെ ബാരിക്കേഡുകൾ ചാടിക്കടന്നു നിമിഷങ്ങൾക്കുള്ളിൽ പ്രതിഷേധക്കാർ നടപ്പന്തലിൽ എത്തി. പെട്ടെന്നുണ്ടായ വെപ്രാളത്തിനിടെ പ്രായം തെളിയിക്കാൻ ലളിത ബാഗിൽ നിന്നെടുത്ത് പൊലീസിനെയും ഭക്തരെയും കാണിച്ചതു മരുമകൾ നീതുവിന്റെ ആധാർ കാർഡായിരുന്നു. പിന്നീടാണ് സ്വന്തം കാർഡ് കാണിച്ചത്.

ഇതിനിടെ ലളിതയ്‌ക്കൊപ്പം എത്തിയ യുവാവിന് മർദ്ദനമേറ്റു. തൃശൂർ തിരൂർ കണ്ടങ്ങേത്ത് വീട്ടിൽ മൃദുലിനാണ് (23) മർദ്ദനമേറ്റത്. പ്രതിഷേധം പകർത്തുന്നതിനിടെ അമൃതാ ടി.വി കാമറാമാൻ ബിജുവിന് തേങ്ങകൊണ്ട് തലയ്ക്ക് അടിയേറ്റു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറെയും കാമറാമാനെയും പ്രതിഷേധക്കാർ വളഞ്ഞപ്പോഴേക്കും ഇവർ ഒാടിരക്ഷപ്പെട്ടു. മാദ്ധ്യമ പ്രവർത്തകരെ ആക്രമിച്ചപ്പോൾ ഇത് തടയാതെ പൊലീസുകാർ മാറിനിന്നെന്നും ആരോപണമുണ്ട്.