ചെന്നൈ: തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പൂർണ സജ്ജരാണെന്ന് മക്കൾ നീതി മയ്യം സ്ഥാപകനും നടനുമായ കമലഹാസൻ. ഉപതിരഞ്ഞെടുപ്പ് എപ്പോൾ നടത്തിയാലും തമിഴ്നാട്ടിലെ 20 ഇടങ്ങളിലും മത്സരിക്കും. ഞാൻ വാഗ്ദാനങ്ങൾ നൽകുന്നതിൽ വിശ്വസിക്കുന്നില്ല, മറിച്ച് ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുകയാണെന്നും മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. ഇന്ന് കമൽ ഹാസന്റെ 64ാം ജന്മദിനം കൂടിയായിരുന്നു.
കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതി കൂറുമാറിയതിന് 18 അണ്ണാ ഡി.എം.കെ എം.എൽ.എമാരെ സ്പിക്കർ അയോഗ്യരാക്കിയത് ശരി വച്ച് ഉത്തരവിറക്കിയിരുന്നു. മുൻപ് രണ്ട് എം.എൽ.എമാരുടെ മരണത്തെ തുടർന്ന് രണ്ട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നു. അങ്ങനെ ഇരുപത് ഇടങ്ങളിൽ ഉപതിരഞ്ഞെടുപ്പിനുള്ള വഴി തെളിഞ്ഞു. 234 അംഗ നിയമസഭയിൽ ഭരണത്തിലുള്ള അണ്ണാ ഡി.എം.കെയ്ക്ക് ഇപ്പോൾ 116 അംഗങ്ങളാണുള്ളത്. 118 ആണ് കേവല ഭൂരിപക്ഷം നേടാനായി വേണ്ടത്. ഇടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായ നടപ്പു സർക്കാരിനുള്ള കടുത്ത പരിക്ഷണമാകും ഈ ഉപതിരഞ്ഞെടുപ്പ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഉപതിരഞ്ഞെടുപ്പ് എപ്പോൾ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല. ജയലളിതയും കരുണാനിധിയുമില്ലാത്ത രാഷ്ട്രീയ ഗോദ മികച്ച അവസരമായാണ് മറ്റു പാർട്ടികൾ കാണുന്നത്.
ഫെബ്രുവരിയിലാണ് കമലഹാസൻ മക്കൾ നീതി മയ്യം എന്ന പാർട്ടി തുടങ്ങിയത്. അഴിമതിക്കും നടപ്പു ഡി.എം.കെ സർക്കാരിനുമെതിരെ കടുത്ത കടുത്ത വിമർശനം അദ്ദേഹം നടത്തിയിരുന്നു. തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമായിരുന്നു കമലഹാസന്റെ രംഗ പ്രവേശം.